പത്തനംതിട്ട: മാസം തികയാതെ പ്രസവിച്ചതിനാല്‍ മരിച്ചതെന്ന് കരുതിയാണ് കുഞ്ഞിനെ ബക്കറ്റിലാക്കി വച്ചതെന്നും അമിത രക്തസ്രാവം മൂലം തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് കരുതിയാണ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും കോട്ടയിലെ വാടക വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ നവജാത ശിശുവിന്റെ മാതാവ് മൊഴി നല്‍കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും പൊലീസിനും ഇവര്‍ ഒരേ മൊഴിയാണ് നല്‍കിയിരിക്കുന്നത്. കുട്ടി ഭര്‍ത്താവിന്റേത് തന്നെയാണ്. മാസം തികയാതെ ജനിപ്പോള്‍ തന്നെ കുട്ടി മരിച്ചതായി തോന്നി. ഇതിനോടകം തന്റെ നില വഷളാവുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു. ഒരിക്കലും താന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമ്മ. അതേ സമയം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്‍കുബേറ്ററിലായിരുന്ന കുഞ്ഞിന്റെ നില മെച്ചപ്പെട്ടു. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നതിനാല്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മാസം തികയാതെ ജനിച്ചതിന്റെ പ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ട്.
കുട്ടിയുടെ മാതാവ്, മൂത്ത കുട്ടി, യുവതിയുടെ മാതാവ് എന്നിവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കീഴിലുള്ള കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്നാണ് പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങുന്നതിന് മുന്‍പ് ഒരുമിച്ച് ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ദിവസങ്ങളോളം അവിടെ താമസിക്കുകയും ചെയ്തിരുന്നുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍, കുഞ്ഞിന്റെ പിതൃത്വം ഇയാള്‍ നിഷേധിക്കുകയാണ്. കുട്ടി തന്റെയല്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതോടൊപ്പം മൂത്ത കുഞ്ഞിനെ തനിക്ക് വിട്ടു കിട്ടണമെന്നും ഇയാള്‍ പറയുന്നു. പൊലീസിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും മുന്‍പാകെ ഹാജരായിട്ടാണ് ഇയാള്‍ പിതൃത്വം നിഷേധിച്ചിരിക്കുന്നത്. പിതൃത്വം തെളിയിക്കേണ്ടത് പൊലീസിന്റെയോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെയോ ബാധ്യതയല്ലെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് പറഞ്ഞു. മൂത്ത കുട്ടിയെ ചൊല്ലി തര്‍ക്കമുണ്ടെങ്കില്‍ ദമ്പതികള്‍ കുടുംബ കോടതിയെ സമീപിക്കട്ടെ. കോടതി നിര്‍ദേശിച്ചാല്‍ പിതൃത്വ പരിശോധന നടത്തും. സി.ഡബഌു.സിക്ക് ഇതുമായി ബന്ധമില്ല. നിലവില്‍ മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ഉത്തരവാദിത്തം മാത്രമാണ് കമ്മറ്റിക്കുള്ളത്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും രാജീവ് പറഞ്ഞു.
ഏപ്രില്‍ നാലിനാണ് കോട്ടയിലെ വാടക വീട്ടിലെ ബാത്ത്‌റൂമില്‍ ബക്കറ്റില്‍ കിടന്ന കുഞ്ഞിനെ ചെങ്ങന്നൂര്‍ പൊലീസ് രക്ഷിച്ചത്. കുട്ടിയുടെ മാതാവും മൂത്ത കുട്ടിയും യുവതിയുടെ മാതാവും ചെങ്ങന്നൂര്‍ അങ്ങാടിക്കലിലുള്ള ഉഷാ നഴ്‌സിങ് ഹോമില്‍ ചികില്‍സ തേടിയപ്പോഴാണ് കുഞ്ഞ് ബക്കറ്റിലുണ്ടെന്ന വിവരം അറിഞ്ഞത്. നഴ്‌സിങ് ഹോം ഉടമ ഡോ. ഉഷ വിവരം ചെങ്ങന്നൂര്‍ പൊലീസിനെ അറിയിക്കുകയും എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ കുഞ്ഞിന്റെ നില അപകടരമായിരുന്നു. രണ്ടാഴ്ചയോളം ഇന്‍കുബേറ്ററില്‍ കിടന്നതിന് ശേഷമാണ് കുഞ്ഞിന്റെ നില മെച്ചപ്പെട്ടത്.
വീട്ടില്‍ വച്ച് മാസം തികയാതെ പ്രസവിച്ചുവെന്നും കുട്ടി മരിച്ചുവെന്നുമായിരുന്നു യുവതി ഡോ. ഉഷയോട് പറഞ്ഞത്. എന്നാല്‍ യുവതിയുടെ മൂത്ത കുട്ടിയുടെ മൊഴിയില്‍ നിന്നാണ് കുഞ്ഞ് ബാത്ത്‌റൂമിലെ ബക്കറ്റിലുണ്ടെന്ന് വ്യക്തമായതും പൊലീസ് വന്ന് എടുത്ത് ആശുപത്രിയിലാക്കിയതും. എന്നാല്‍, കുട്ടിയെ താന്‍ ഉപേക്ഷിച്ചതല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതി.