പത്തനംതിട്ട: ജില്ലയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. 2023ല്‍ 26 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കൊല്ലം ഇതേവരെ 31 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 57 കേസുകളാണുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള എറണാകുളത്ത് 237 പോസിറ്റീവ് കേസുകളുണ്ട്. ലൈംഗിക തൊഴിലാളികളിലും ട്രാന്‍സ്‌ജെന്‍ഡറുകളിലുമാണ് രോഗം കൂടതലായി കണ്ടെത്തിയത്. ലഹരി സിറിഞ്ച് ഉപയോഗിക്കുന്നവരിലും എയ്ഡ്‌സ് കണ്ടുവരുന്നുണ്ട്. യുവാക്കളുടെയിടയില്‍ രോഗ ബാധ ഏറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബോധവത്കരണത്തിലൂടെ മാത്രമേ കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയൂവെന്ന് ഡിഎംഒ ഡോ.എല്‍.അനിതാ കുമാരി പറഞ്ഞു.
നാളെ ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നതിനു മുന്നോടിയായി നാളെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകുന്നേരം ദീപം തെളിക്കും.
ജില്ലാതലത്തില്‍ എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന് ഇലന്തൂരില്‍ റാലിയും സമ്മേളനവും നടക്കും. രാവിലെ 8.30ന് കാരൂര്‍ പള്ളി പരിസരത്തുനിന്നാരംഭിക്കുന്ന ഇലന്തൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സമാപിക്കും. തുടര്‍ന്ന് സമ്മേളനം ചേരും.
നോഡല്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു, മാസ് മീഡിയ ഓഫീസര്‍ ആര്‍. ദീപ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.