തിരുവനന്തപുരം: കേരളീയത്തോട് അനുബന്ധിച്ച് നാളെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആരോഗ്യ സെമിനാറില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ നിന്ന് നിയോഗിച്ചിരിക്കുന്നത് 200 ഉദ്യോഗസ്ഥരെ. സ്ഥാപന മേധാവികള്‍, വകുപ്പു മേധാവികള്‍ തുടങ്ങി ക്ലാര്‍ക്കുമാര്‍ വരെയുള്ളവര്‍ നിര്‍ബന്ധമായും സെമിനാറില്‍ പങ്കെടുക്കണമെന്ന് കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ്. ഇതിനായി ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ജോലി ചെയ്യുന്ന സ്ഥലവും അടക്കം പ്രതിപാദിച്ചു കൊണ്ടുള്ള പട്ടികയും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഇതില്‍ ഒരാള്‍ക്ക് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം മറ്റൊരാളെ കണ്ടെത്തി അയയ്‌ക്കേണ്ടത് അതാത് സ്ഥാപന/വകുപ്പു മേധാവിമാരുടെ ബാധ്യതയാണ്.
നാളെ രാവിലെ 8.30 ന് തന്നെ ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വകുപ്പ് അനുവദിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിച്ചിരിക്കണം. അല്ലാത്ത പക്ഷം ആധാര്‍ കാര്‍ഡ് ഹാജരാക്കണം. നിലവില്‍ പട്ടികയിലുളള ജീവനക്കാരില്‍ ആരെങ്കിലും കേരളീയവുമായി ബന്ധപ്പെട്ടുള്ള ഫസ്റ്റ് എയ്ഡ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പകരം ബന്ധപ്പെട്ട സ്ഥാപന മേധാവി മറ്റൊരാളെ നിയോഗിക്കണം.
അപ്രതീക്ഷിത സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ സ്ഥാപന മേധാവി പകരം ജീവനക്കാരനെ നിയോഗിക്കണം. ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പറയുന്ന ജീവനക്കാരന്‍ പ്രസ്തുത സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ പകരം ജീവനക്കാരനെ സ്ഥാപനമേധാവി നിയോഗിക്കണം. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെ പരിപാടിക്ക് എത്തിക്കേണ്ട ബാധ്യത സ്ഥാപന മേധാവിക്കുള്ളതാണെന്നും ഉത്തരവില്‍ പറയുന്നു.