പത്തനംതിട്ട: ജില്ലയില്‍ നാളെയും (19) മറ്റന്നാളും (20) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ മഴ കനക്കുമെന്നാണ് സൂചന. ശനിയാഴ്ച രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകുന്നേരത്തോടെ എല്ലാ മേഖലകളിലും മഴ തുടങ്ങി. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22 ന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ഈ ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ശബരിമല പാതയില്‍ ളാഹയില്‍ രണ്ടു മണിക്കൂറിനിടെ 121 മില്ലിമീറ്റര്‍ മഴ പെയ്തു. കോന്നിയില്‍ 66 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പത്തനംതിട്ടയില്‍ രാത്രികാല യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 19 മുതല്‍ 23 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഗവിയുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഉണ്ട് . രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ട്.
റാന്നി പെരുനാട് മാടമണ്‍ വള്ളക്കടവിന് സമീപം ശബരിമല ദര്‍ശനത്തിന് ശേഷം തിരിച്ചു വന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു മുകളില്‍ ശക്തമായ കാറ്റിലും മഴയെത്തും ബദാം മരം ഒടിഞ്ഞു വീണു. ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു. കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള അപകട ഭീഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളും വൃക്ഷ
ശാഖകളും ബന്ധപ്പെട്ടവര്‍ അടിയന്തരമായി മുറിച്ച് മാറ്റണം. വീഴ്ച വരുത്തുന്ന പക്ഷം ഇതു സംബന്ധിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമുള്ള ബാധ്യത വൃക്ഷങ്ങള്‍ നില്‍കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്കായിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷണന്‍ അറിയിച്ചു.
രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ് എന്നിവയും 23 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.
ഉദ്യോഗസ്ഥര്‍ ഹാജരാകണം
ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ഇന്ന് (19) മുതല്‍ മേയ് 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.
ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു.
പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിലേക്കായി നാളെ മുതല്‍ 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതാണ്.