
പത്തനംതിട്ട: ജില്ലയില്‍ ഈ വര്‍ഷത്തെ തീവ്ര മഴ പെയ്തത് അരുവാപ്പുലം പഞ്ചായത്തിലെ കരിപ്പാന്‍ തോട്ടില്‍. മൂന്നിന് രാവിലെ 8.30 മുതല്‍ ഇന്നലെ രാവിലെ 8.30 വരെ 282 മില്ലീമീറ്റര്‍ മഴയാണ് പ്രദേശത്ത് പെയ്തത്. തൊട്ടുപിന്നിലുള്ള മണ്ണീറയില്‍ 230 മില്ലിമീറ്റര്‍ മഴ പെയ്തു. മൂഴിയാര്‍-172.2, നീരാമക്കുളം-162, താവളപ്പാറ-157, ചെറുകുളഞ്ഞി-148, കുമ്മണ്ണൂര്‍-147.17, മുളളുമല-132, പാടം 129, കുന്നന്താനം, കക്കി-124 മില്ലിമീറ്റര്‍ എന്നിവിടങ്ങളിലാണ് തീവ്രമഴ അനുഭവപ്പെട്ടത്.
കോന്നി-കല്ലേലി-അച്ചന്‍കോവില്‍ പാതയിലാണ് കരിപ്പാന്‍ തോട്. മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് പ്രദേശം വരുന്നത്.
കോന്നി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് മേഖലകളിലാണ് കഴിഞ്ഞ ദിവസം തീവ്രമഴ പെയ്തത്. കക്കി വനമേഖലയില്‍ വെള്ളിയാഴ്ച വൈകിട്ട് ലഘുമേഘവിസ്‌ഫോടനം ഉണ്ടായി. പിന്നാലെ മൂഴിയാര്‍ സായിപ്പന്‍കുഴിയില്‍ ഉരുള്‍പൊട്ടുകയും ഡാമുകള്‍ തുറന്നു വിടേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. ശനിയാഴ്ച മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഞായറാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തു. കിഴക്കന്‍ മലയോരമേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയവും ഉയര്‍ന്നു. സ്വകാര്യമേഖലയിലേത് അടക്കം ഡാമുകള്‍ തുറന്നു വിട്ടു. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് സാമാന്യം നന്നായി ഉയരുകയും ചെയ്തു. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ ഞായറാഴ്ച വൈകിട്ട് മൂന്നിന് തുടങ്ങിയ കനത്ത മഴ ഇന്നലെ രാവിലെ ഏഴു മണി വരെ തുടര്‍ന്നു.
ഇന്ന് ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ്, എട്ട് തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.