
പത്തനംതിട്ട കനത്ത മഴയെ തുടര്‍ന്ന് ചുരുളിക്കോട് ഉരുള്‍പൊട്ടിയെന്ന് സംശയം. തിരുവല്ല-കുമ്പഴ റോഡിലൂടെ വൈകിട്ട് നാലു മണിയോടെയാണ് മലവെള്ളം പാഞ്ഞെത്തിയത്. അതിശക്തമായ വെള്ളപ്പാച്ചിലില്‍ ഗതാഗതം തടസപ്പെട്ടു.
ചുരുളിക്കോടുള്ള ടാറ്റാ മോട്ടോഴ്‌സിന്റെ സമീപത്താണ് മലവെള്ളം ഇരമ്പിയെത്തിയത്. ഇതോടെ റോഡു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അതിശക്തമായ വെള്ളപ്പാച്ചിലില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം റോഡിലൂടെ കടന്നു പോകാന്‍ ബുദ്ധിമുട്ടി.
വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്‌ഐ അജി സാമുവലിന്റെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു. ഫയര്‍ഫോഴ്‌സിനെയും അദ്ദേഹം വിളിച്ചു വരുത്തിയിരുന്നു. സമീപത്തെ ഉയര്‍ന്ന പ്രദേശത്തു നിന്നുമാണ് വെള്ളപ്പാച്ചില്‍ ഉണ്ടായത്. അരമണിക്കുറോളം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസ് നിയന്ത്രിച്ച് വാഹനങ്ങള്‍ കടത്തി വിട്ടതോടെയാണ് ഗതാഗത കുരുക്ക് അഴിഞ്ഞത്.