
പന്തളം: പാറി പറക്കുന്ന ത്രിവര്‍ണ പതാക സാക്ഷി നിര്‍ത്തി, വളര്‍ന്നു വരുന്ന തലമുറ മയക്കു മരുന്നിന് ഇരയാവരുത് എന്ന സന്ദേശവുമായി സൈക്കിളില്‍ ഛത്തീസ്ഗഡ് സ്വദേശിയുടെ ഭാരത പര്യടനം. ഛത്തീസ് ഗഡിലെ ദേവഗാവ് എന്ന ഗ്രാമത്തില്‍ അമൃതലാലിന്റെ മകന് ഹേംകുമാറാ (27)ണ് ഈ ദൗത്യവുമായി നാടു ചുറ്റുന്നത്.
ഇന്നലെ ഇദ്ദേഹം പന്തളത്ത് വന്നു. സൈക്കിളില്‍ മുന്നിലും പിന്നിലും ത്രിവര്‍ണ പതാകയുണ്ട്. മഹേന്ദ്ര ഫൈനാന്സില് അക്കൗണ്ട് ഓഫിസറാണ് ഹേംകുമാര്‍. സാധാരണ കുടുംബത്തില്‍പ്പെട്ട യുവാവിന്റെ രണ്ട് സുഹൃത്തുക്കള്‍ മയക്കു മരുന്നിന്റെ അമിത ഉപയോഗത്താല്‍ ജീവിതം വെടിഞ്ഞു. ഈ സംഭവം ഹേംകുമാറിനെ വല്ലാതെ തളര്‍ത്തി. ഇതിനെതിരേ തനിക്ക് സമൂഹത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചു. അങ്ങനെയാണ് ലഹരി വിരുദ്ധ സന്ദേശവാഹകനായി സ്വയം മാറിയത്. ദിവസം നൂറ് കിലോമീറ്റര്‍ താണ്ടും. ഇതിനോടകം ഒഡിഷ, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടു. കേരളത്തില്‍ എത്തിയിട്ട് നാല് നാള്. ഇതിന്റെ ചെലവ് സ്വന്തം അധ്വാനത്തില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ്. ഉറക്കവും വിശ്രമവും വഴിവക്കിലെ പെട്രോള്‍ പമ്പുകളിലാണ്.
ജനുവരിയില്‍ യാത്ര അവസാനിപ്പിക്കും. നേരിട്ട് ഛത്തീസ് ഗഡ് മുഖ്യമന്ത്രിയെ കാണും. യാത്രാ വിവരണത്തോടൊപ്പം സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടുമെന്നും ഹേംകുമാര്‍ പറഞ്ഞു. മെഡിക്കല്‍ മിഷന് ജങ്ഷനില്‍ കൈരളി റസിഡന്‍സ് അസോസിയേഷന് ഹേംകുമാറിന് ആദരവ് നല്കി. പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ്, സെക്രട്ടറി കെ.ബിജു എന്നിവര്‍ സംബന്ധിച്ചു.