
പത്തനംതിട്ട: കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നീതിയുക്തവും ജനാധിപത്യ നടപടിക്രമങ്ങള്‍ പാലിച്ചും നടക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ബാങ്ക് ഭരണ സമിതിയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കൈപ്പട്ടൂര്‍ സെന്റ് ഗ്രീഗോറിയോസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതു മുതല്‍ ക്രമക്കേടുകള്‍ കണ്ട സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. പ്രാഥമികമായി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 859 പേരും മരണപ്പെട്ടവരായിരുന്നു. ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പ്രകാരം അന്തിമപട്ടിക തയാറാക്കി പ്രസിദ്ധീകരിച്ചപ്പോഴും ഇവരില്‍ 448 പേര്‍ നിലനിന്നു.
സ്ഥലത്തില്ലാത്തവരും വ്യാജ മേല്‍വിലാസത്തിലുള്ളവരും പട്ടികയിലുണ്ട്. 13000 പേരുടെ പട്ടികയാണ് ഇപ്പോഴുള്ളത്. ഇതില്‍ 6000 പേരില്‍കൂടുതല്‍ യഥാര്‍ഥ വോട്ടര്‍മാരായി ഉണ്ടാകാനിടയില്ല.ജില്ലയില്‍ സമീപകാലത്തു നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലെല്ലാം വ്യാപക ക്രമക്കേടും കള്ളവോട്ടുകളും അരങ്ങേറിയിരുന്നു. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടുപോലും നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ലെന്ന് യുഡിഎഫ് ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ കൈപ്പട്ടൂര്‍ ബാങ്കിലും ക്രമക്കേടുകള്‍ക്കുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. ഹൈക്കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും സഹകരണ സംഘം ഉദ്യോഗസ്ഥര്‍ക്കും യുഡിഎഫ് കത്തു നല്‍കിയിട്ടുണ്ട്.
കോടതി നിര്‍ദേശപ്രകാരം മുഴുവന്‍ സമയവും വോട്ടെടുപ്പ് നടപടികള്‍ റെക്കോര്‍ഡ് ചെയ്യണം. ക്രമസമാധാനം ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന പ്രത്യേക നിര്‍ദേശം ജില്ലാ പോലീസ് മേധാവിക്കും കോടതി നല്‍കിയിട്ടുണ്ട്. വോട്ടറെ തിരിച്ചറിയാന്‍ സഹകരണസംഘം നിയമപ്രകാരം നല്‍കുന്ന കാര്‍ഡ് കൂടാതെ സഹകരണ ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായിരിക്കുമെന്നും കോടതി നിര്‍ദേശമുണ്ട്. കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അതിനെതിരേ നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
പ്രഫ. ജി. ജോണ്‍, സജി കൊട്ടയ്ക്കാട്, കേണല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ഏബ്രഹാം എം. ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.