വാഹനാപകടത്തില്‍ ഓസ്‌ട്രേലിയയില്‍ ജോലിയുള്ള നഴ്‌സും പിതാവും മരിച്ചപ്പോള്‍ നഷ്ടപരിഹാരം അനുവദിച്ചത് നാലു കോടി: വിധിക്കെതിരേ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയില്‍: ഓസ്‌ട്രേലിയിലെ വേതനം വച്ച് ഇവിടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കരുതെന്ന് ആവശ്യം തള്ളി: നഷ്ടപരിഹാരം ആറരക്കോടിയാക്കി ഉയര്‍ത്തി ഹൈക്കോടതി ഉത്തരവ്

0 second read
0
0

പത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച നഴ്‌സിന്റെയും പിതാവിന്റെയും അവകാശികള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുക കൂടിപ്പോയെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ച ഇന്‍ഷുറന്‍സ് കമ്പനിക്ക് തിരിച്ചടി. ഹര്‍ജി തള്ളിയെന്ന് മാത്രമല്ല, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ നിശ്ചയിച്ച നാലു കോടി നഷ്ടപരിഹാരം ആറരക്കോടിയാക്കി ഉയര്‍ത്തി ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു.

കുളത്തൂപ്പുഴ വട്ടക്കരിക്ക മോളി വില്ലയില്‍ ജോണ്‍ തോമസിന്റെ ഭാര്യ ഷിബി (34) , പിതാവ് ഏബ്രഹാം (64) എന്നിവര്‍ ഓമല്ലൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലാണ് വിധി. നാലരക്കോടി രൂപ കൂടുതലാണെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരേ ഷിബിയുടെ ഭര്‍ത്താവ് ജോണ്‍ തോമസും മക്കളും മാതാവും നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പത്തനംതിട്ട ചുട്ടിപ്പാറയിലെ കോളജില്‍ എം.ബി.എ പരീക്ഷ എഴുതുന്നതിന് വേണ്ടി പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് ഷിബി വരുമ്പോള്‍ 2013 മേയ ഒമ്പതിനാണ് ഓമല്ലൂരില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ഓമല്ലൂര്‍-പത്തനംതിട്ട റോഡില്‍ ഓമല്ലൂര്‍ ഉഴുവത്ത് ക്ഷേത്രത്തിന് സമീപം വച്ച് എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇടിച്ചായിരുന്നു അപകടം. ഷിബി അപകട സ്ഥലത്തു വച്ചും പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയുമാണ് മരണമടഞ്ഞത്.

2018 സെപ്റ്റംബര്‍ 18 ന് ഷിബി മരിച്ച കേസില്‍ നഷ്ടപരിഹാരമായി രണ്ടുകോടി തൊണ്ണൂറ്റി രണ്ടു ലക്ഷത്തി പത്തൊന്‍പതിനായിരം രൂപയും ഏഴുശതമാനം പലിശയും കോടതി ചെലവായി ഏഴുലക്ഷത്തി പതിനാലായിരത്തി തൊള്ളായിരത്തി ഒന്‍പത് രൂപയും പിതാവ് മരിച്ച കേസില്‍ നാലുലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി എഴുനൂറ്റി ഇരുപത്തിയൊന്നു രൂപയും ഒന്‍പത് ശതമാനം പലിശയും കോടതി ചെലവായി 26,897 രൂപയും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഷിബിയുടെ വിദേശവരുമാനം നഷ്ടപരിഹാരത്തിന് കണക്കാക്കരുതെന്നും ഇന്ത്യയില്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന വരുമാനം മാത്രമേ പരിഗണിക്കാവൂ എന്നും ഷിബിയുടെ അപ്പോയ്‌മെന്റ് കരാര്‍ വ്യവസ്ഥയിലായതിനാല്‍ ഏത് സമയവും ജോലി നഷ്ടപ്പെടാമെന്നുമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം തള്ളിയാണ് പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നഷ്ടപരിഹാരം അനുവദിച്ചത്. ഷിബിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും സംഭവകാലഘട്ടത്തില്‍ ഏഴും രണ്ടും വയസുള്ള കുട്ടികളുടെ സംരക്ഷണവും കണക്കിലെടുത്താണ് നഷ്ടപരിഹാരം അനുവദിച്ചത്.

ഈ വിധിയില്‍ അസംതൃപ്തരായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പിനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് ഫയലില്‍ സ്വീകരിച്ച കോടതി കമ്പനിയുടെ ബാധ്യതയുടെ അന്‍പത് ശതമാനം തുക കെട്ടിവയ്ക്കുന്നതിന് ഉത്തരവിടുകയും ചെയ്തു. ഇന്‍ഷുറന്‍സ് കമ്പനി ബോധിപ്പിച്ച അപ്പീലിനെതിരെ ഹര്‍ജിക്കാര്‍ നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക അപ്പീല്‍ നല്‍കി. ഷിബി മരിക്കുമ്പോള്‍ 34 വയസായിരുന്നു പ്രായം. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ പ്രകാരം മരണപ്പെട്ട ഷിബിയുടെ അവകാശികള്‍ക്ക് 16 വര്‍ഷത്തെ വരുമാനം ലഭിക്കുന്നതിന് അവകാശമുണ്ട്. എന്നാല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ 16 വര്‍ഷത്തെ വരുമാനം നല്‍കിയാല്‍ വിധി തുക ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് വളരെ കൂടുതലാകുമെന്ന് കണ്ടെത്തിയതിനാല്‍ പകരം 10 വര്‍ഷത്തെ വരുമാനം കണക്കാക്കിയാണ് തുക അനുവദിച്ചത്. ഇതിനെതിരെയാണ് പ്രധാനമായും ഹര്‍ജിക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.

ഹൈക്കോടതി രണ്ട് അപ്പീലുകളും ഒന്നിച്ച് വാദം കേട്ടു. ഇന്‍ഷുറന്‍സ് കമ്പിനിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ട്രൈബ്യൂണലില്‍ ഉന്നയിച്ച എല്ലാ തര്‍ക്കങ്ങളും കേട്ട ശേഷം അപ്പീല്‍ തള്ളി. 16 വര്‍ഷത്തെ നഷ്ടപരിഹാരത്തുക കൂടുതലാകുമെന്ന് കണ്ടെത്തി പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ട്രൈബ്യൂണല്‍ 10 വര്‍ഷമാക്കി കുറച്ചത് സുപ്രീം കോടതി വിധിന്യായത്തിനും മോട്ടോര്‍ വാഹന നിയമത്തിനും എതിരാണെന്ന് കണ്ടെത്തി അപ്പീലില്‍ 16 വര്‍ഷത്തെ നഷ്ടപരിഹാരം ഓസ്‌ട്രേലിയന്‍ ശമ്പളം തന്നെ കണക്കാക്കി 73 ലക്ഷത്തി അറുപത്തെണ്ണായിരത്തി നാനൂറ്റിഏഴ് രൂപയും ഹര്‍ജി തീയതി മുതല്‍ ഏഴു ശതമാനം പലിശയും ജസ്റ്റിസ് ജോണ്‍സണ്‍ ജോണിന്റെ ബഞ്ച് കൂടുതലായി അനുവദിക്കുകയുമായിരുന്നു. കൂടാതെ ഹര്‍ജി കക്ഷികളുടെ കോടതി ചെലവ് ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നും ഈടാക്കി എടുക്കാന്‍ പ്രത്യേക ഉത്തരവുംനല്‍കി. മൊത്തം നഷ്ടപരിഹാരമായി ആറരക്കോടിയില്‍പരം രൂപ ഹര്‍ജി കക്ഷികള്‍ക്ക് ലഭിക്കും. മോട്ടോര്‍ വാഹന അപകടകേസുകളില്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിധികളിലൊന്നാണ് ഇത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. മാത്യൂ ജോര്‍ജ്, അഡ്വ. എ.എന്‍. സന്തോഷ് എന്നിവര്‍ ഹാജരായി.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊടുമണില്‍ നിന്ന് കാണാതായ ഓട്ടോഡ്രൈവര്‍ പട്ടാഴിയില്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍

കൊടുമണ്‍: ചിരണിക്കല്‍ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റി…