പത്തനംതിട്ട: അബാന്‍ മേല്‍പ്പാലത്തിന്റേയും ജില്ലാ സ്‌റ്റേഡിയത്തിന്റേയും നിര്‍മ്മാണ പുരോഗതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
അബാന്‍ മേല്‍പ്പാലത്തിന്റെ ലാന്റ് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സര്‍വേയര്‍മാരെ നിയോഗിക്കണം. അവരുടെ കുറവ് നികത്താനുള്ള നടപടി സ്വീകരിക്കണം. യൂട്ടിലിറ്റി ഷിഫ്റ്റിങ് പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കെ.എസ്.ഇ.ബി.യോട് മന്ത്രി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ട്രാന്‍സ്‌ഫോമറിന്റെ പോസ്റ്റുകളും ലൈനുകളും മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മേല്‍പ്പാലത്തിന്റെ ആരംഭഭാഗത്തെ റീട്ടേയ്‌നിങ് വാളിന്റെ പ്രവര്‍ത്തിക്ക് തടസമായി നില്‍ക്കുന്ന പൈപ്പുകള്‍ മൂന്നു ദിവസത്തിനകം മാറ്റിത്തരാമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിര്‍മ്മാണ പുരോഗതി കൃത്യമായി വിലയിരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാ സേ്റ്റഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. കിഫ്ബി ഫൈനല്‍ ഡിസൈന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നല്‍കണം. ഈ ആഴ്ച തന്നെ ഡിസൈന്‍ പൂര്‍ത്തിയാക്കുമെന്ന് കിഫ്ബി അറിയിച്ചു. പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും മേല്‍നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. മണ്ണ് നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ ശ്രീലത, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എന്‍ജിനീയര്‍ പി.കെ.അനില്‍ കുമാര്‍, കിഫ്ബി എല്‍.എ സ്‌പെഷ്യല്‍ തഹല്‍സിദാര്‍ ആനന്ദ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ഊരാളുങ്കല്‍ സൊസൈറ്റി, കെ.ആര്‍.എഫ്.ബി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.