
റാന്നി: ലൈഫ് പദ്ധതിയിലേക്ക് വീടിന് അപേക്ഷ നല്‍കിയ തൊഴിലാളിയെ ഉദ്യോഗസ്ഥര്‍ പട്ടികയില്‍ നിന്നും വെട്ടിപ്പുറത്താക്കി. തൊട്ടു പിന്നാലെ അയാളുടെ നിലവിലുള്ള വീട് തകര്‍ന്നു വീണു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.
നാറാണംമൂഴി ഗ്രാമ പഞ്ചായത്തില്‍ തോമ്പിക്കണ്ടം വലിയപതാല്‍ മാവുങ്കല്‍ എം.എ വിജയന്റെ വീടാണ് തകര്‍ന്നു വീണത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടാണ് വലിയ ശബ്ദത്തോടെ വീട് തകര്‍ന്നത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നേരത്തേ മേല്‍ക്കൂരയിലെ ഓടുകളും പട്ടികയും പോയിരുന്നതിനാല്‍ പടുത ഉപയോഗിച്ചാണ് ഇവര്‍ മഴയും വെയിലും ഏല്‍ക്കാതെ കഴിഞ്ഞിരുന്നത്.
വേനല്‍ മഴ പെയ്തതോടെ ഭിത്തി നനഞ്ഞു വീട് തകരുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ പല തവണ വിജയന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അനാവശ്യ വാദങ്ങള്‍ നിരത്തി ഓരോ തവണയും ഉദ്യോഗസ്ഥര്‍ തള്ളുകയായിരുന്നു എന്ന് പറയപ്പെടുന്നു. ടാപ്പിങ് തൊഴിലാളിയായ വിജയന് റേഷന്‍ കാര്‍ഡിലെ വരുമാനം അധികമാണെന്നും താമസയോഗ്യമല്ലാത്ത പഴയ വീടിന്റെ വിസ്തീര്‍ണം വലുതാണെന്നും കാട്ടിയാണ് പദ്ധതിയില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതേ ഉദ്യോഗസ്ഥര്‍ മാനദണ്ഡം കാറ്റില്‍ പറത്തി പല വാര്‍ഡുകളിലും വീടുകള്‍ അനുവദിച്ച സംഭവം ഉണ്ടെന്നും പരാതി ഉയരുന്നുണ്ട്.
തകര്‍ന്ന വീട്ടില്‍ കുടുങ്ങി ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിരുന്നെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയും സര്‍ക്കാരിന് മാനക്കേടും ആകുമായിരുന്നു. ഇത്രയും വലിയ അവഗണന നേരിടേണ്ടി വന്ന താന്‍ ഇനി എങ്ങോട്ടു പോകുമെന്ന് വിജയന് അറിയില്ല. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയും ഈ പാവം ടാപ്പിങ് തൊഴിലാളിക്ക് നഷ്ടമായിക്കഴിഞ്ഞു.