മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്

2 second read
Comments Off on മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
0

ഷാർജ: വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്ക് പ്രവാസി മലയാളിക്ക് അന്താരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ ആദരം. പത്തനംതിട്ട ചിറ്റാർ സ്വദേശി മനു കുളത്തുങ്കലിനാണ് വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ പരിഗണിച്ചു പ്രമുഖ അമേരിക്കൻ അക്രെഡിറ്റഡ് യൂണിവേഴ്സിറ്റിയായ അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കുന്നത്. സെപ്റ്റംബറിൽ ദുബായിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സമ്മാനിക്കും. രാജ്യാന്തര തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും, വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാൻ നടത്തുന്ന ശ്രമങ്ങളും പരിഗണിച്ചാണ് യൂണിവേഴ്സിറ്റി സെനറ്റും അക്കാഡമിക് കമ്മിറ്റിയും ഡോക്ടറേറ്റ് നൽകാൻ തീരുമാനിച്ചത് . യൂണസ്കോയുടെ ഭാഗമായ ഇൻറർനാഷണൽ കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ആണ് ഡോക്ടറേറ്ററായി ശുപാർശ ചെയ്തത്. ആദ്യമായാണ് ഒരു ഏഷ്യക്കാരന് അലിയാൻസ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നൽകുന്നത്.

കോവിഡ് കാലഘട്ടത്തിൽ 28 രാജ്യാന്തര സർവ്വകലാശാലകളിൽ നിന്നും ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വിവിധ സംഘടനകളിൽ നിന്നും എഴുപതിലധികം ഓൺലൈൻ കോഴ്സുകൾ ചെയ്തു ഗോൾഡൻ ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്, വേൾഡ് റെക്കോർഡ്സ് ഓഫ് ലണ്ടൻ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് റെക്കോർഡ്സ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം നേടിയിരുന്നു. വേൾഡ് എജുക്കേഷൻ ഐക്കൺ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ 2021ൽ നേടിയിരുന്നു. ജോലിക്ക് ശേഷമുള്ള ഒഴിവുസമയം പഠനത്തിനായി നീക്കി വെച്ചാണ് നേട്ടത്തിന് ഉടമയായത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പഠനത്തിന് ആധാരമാക്കിയത്. അമേരിക്കൻ ഫെഡറൽ എമർജൻസി മാനേജ്മെന്റിൽ നിന്ന് “ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ” ഐക്യരാഷ്ട്ര സംഘടനയിൽനിന്ന് “സാമ്പത്തിക സന്തുലിതാവസ്ഥ”യുഎഇയിലെ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും “ഓൺലൈൻ അധ്യാപനം “ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നു “വ്യക്തിത്വ വികസനം”, യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിൽ നിന്നു “പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം”, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നു “മാറുന്ന ലോകത്തെ പ്രതീക്ഷകളും പ്രചോദനവും”, ലണ്ടൻ കിങ്സ് കോളേജിൽ നിന്നു “ബിസിനസ് മാനേജ്മെന്റ് എന്നിവ പഠിച്ച കോഴ്സുകളിൽ ചിലതാണ്.

അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റിൽ നിന്നു ലോജിസ്റ്റിക്സ് & സപ്ലൈ ചെയിനിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട് . ഇതേ വിഷയത്തിൽ യുഎഇയിൽ നിന്നു പ്രഫഷണൽ സർട്ടിഫിക്കറ്റും കരസ്ഥമാക്കി.

എജുക്കേഷണൽ സൈക്കോളജിയിൽ ഡിപ്ലോമയും ഓൺലൈനായി നേടിയിട്ടുണ്ട്. ബ്രിട്ടീഷ് കൗൺസിൽ, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ,ഗ്രിഫിത്ത് യൂണിവേഴ്സിറ്റി ഓസ്ട്രേലിയ, ലാൻ കാസ്റ്റർ യൂണിവേഴ്സിറ്റി, മാക്വയർ യൂണിവേഴ്സിറ്റി ഓസ്ട്രേലിയ, ആർഎം ഐടി യൂണിവേഴ്സിറ്റി ഓസ്ട്രേലിയ,
ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യൂണിസെഫ്, യൂണിറ്റർ ,യുഎൻ കുടിയേറ്റ സംഘടന, രാജ്യാന്തര മാരിടൈം സംഘടന (IMO)എന്നിവിടങ്ങളിൽ നിന്നുള്ള കോഴ്സുകൾ ഇതിൽ ഉൾപ്പെടും.

പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും മനു സമയം കണ്ടെത്താറുണ്ട്. രാജ്യാന്തരതലത്തിൽ ലഭിച്ച അംഗീകാരത്തിന് ശേഷം പ്രവാസ ലോകത്തെ നിരവധി ആളുകൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ സാധ്യതകൾ പറഞ്ഞുകൊടുക്കുകയും അവർ അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഭൗതികശാസ്ത്രത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും നേടിയശേഷമാണ് പ്രവാസ ലോകത്തേയ്ക്ക് ചേക്കേറിയത്. അധ്യാപകനായും മാധ്യമപ്രവർത്തകനായും നാട്ടിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുഎഇയിലെ സാമൂഹിക -സാമുദായിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളിൽ സജീവമാണ് .

ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അക്കാഡമിക് ഡയറക്ടറായി ഇപ്പോൾ പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാരിൻറെ കീഴിലെ മലയാളം മിഷന്റെ ഷാർജ ചാപ്റ്ററിൽ അധ്യാപകനായും പ്രവർത്തിക്കുന്നു. ഭാര്യ ജിഷ മനു മെഡിക്കൽ ഇൻഷുറൻസ് സൂപ്പർവൈസറായി ജോലി ചെയ്യുന്നു. ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ വിദ്യാർത്ഥികളായ ഡാരൻ ,ഡാൻ എന്നിവർ മക്കളാണ് .

Load More Related Articles
Load More By Veena
Load More In GULF
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…