പന്തളം: ലഹരിക്ക് അടിമയായ യുവാക്കള്‍ വീട് ആക്രമിച്ച് തീയിട്ടു.പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടിനാണ് തീയിട്ടത്. സമീപവാസികളായ രാഹുല്‍, അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു ആക്രമണം. മങ്ങാരം പടിഞ്ഞാറ് അശ്വതി നിവാസില്‍ രേഖയുടെ അടച്ചിട്ട വീട്ടില്‍ രാഹുലും അഖിലും അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വീടിനുള്ളിലെ സാധനസാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു.പുറത്ത് കെട്ടിയിട്ടിരുന്ന നായ്ക്കളെ അടിച്ചും കല്ലെറിഞ്ഞും പരുക്കേല്‍പ്പിച്ച ശേഷമാണ് വീടിനുള്ളില്‍ കയറി ആക്രമണം നടത്തിയത്.
വിവരമറിഞ്ഞെത്തിയ സി.പി.എം. മുടിയൂര്‍ക്കോണം ലോക്കല്‍ കമ്മിറ്റിയംഗം എ.എച്ച്.സുനിലിനു നേരെയും യുവാക്കള്‍ ആക്രമണത്തിനൊരുങ്ങി. സുനില്‍ അടുത്തവീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. സമീപത്തെ മറ്റൊരു വീട്ടിലെ സൈക്കിളും പ്രതികള്‍ നശിപ്പിച്ചു. തീ കത്തുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെള്ളമൊഴിച്ച് തീയണച്ചത്. പ്രദേശത്തെ മറ്റു വീടുകളിലും കല്ലെറിഞ്ഞും ഭീഷണി മുഴക്കിയും അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് യുവാക്കള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
രേഖയുടെ മകന്‍ സൂരജ് മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. രേഖ കോട്ടയത്താണ് താമസം. കൂലിപ്പണിക്ക് പോകുന്ന സൂരജ് പുറത്തു പോയ സമയത്താണ് വീടിന് നേരെ ആക്രമണമുണ്ടായത്. കഞ്ചാവ് കേസില്‍ പ്രതികളായ യുവാക്കളും രേഖയുടെ മകന്‍ സൂരജും തമ്മിലുള്ള തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.