
കുമരകം: പള്ളിച്ചിറയ്ക്ക് സമീപമുണ്ടായ തീപിടുത്തത്തില്‍ തടികൊണ്ടു നിര്‍മ്മിച്ച വീട് പൂര്‍ണമായി കത്തി നശിച്ചു. ശനിയാഴ്ച രാത്രിയാണ് തീ
പിടിത്തമുണ്ടായതയ്. അഗ്‌നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് വില്ലകളിലേക്കു പടരാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം.
ഒരു കോടിയിലേറെ രൂപ ചെലവഴിച്ചു നിര്‍മിച്ച വില്ല പൂര്‍ണമായും നശിച്ചു. ആള്‍പ്പാര്‍പ്പില്ലാത്തതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നു പണിതു കൊണ്ടു വന്ന തടി ഉപയോഗിച്ചായിരുന്നു വില്ലയുടെ നിര്‍മാണം. ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്ന് പണിക്കാര്‍ എത്തിയിരുന്നു.
മുബൈയിലുള്ള കമ്ബനിയുടെ ഉടമസ്ഥതയില്‍ 9 വര്‍ഷം മുന്‍പു വില്ലകളുടെ പണി പൂര്‍ത്തിയാക്കിയെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. തറ കോണ്‍ക്രീറ്റിലും മേല്‍ക്കൂര പ്രത്യേക തരം ഷീറ്റ് ഉപയോഗിച്ചുമാണു പണിതത്. ബാക്കി എല്ലാം തടി ഉപയോഗിച്ചുമായിരുന്നു വില്ല നിര്‍മ്മിച്ചത്.
കഴിഞ്ഞ 8ന് ഇവിടത്തെ പുല്‍പ്പടര്‍പ്പിനു തീ പിടിച്ചിരുന്നു. അന്ന് അഗ്‌നിരക്ഷാസേന എത്തുന്നതിനു മുന്‍പു തന്നെ നാട്ടുകാര്‍ തീ അണച്ചിരുന്നു. വില്ലയ്ക്കു തീ പിടിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വില്ലകളുടെ കെയര്‍ടേക്കര്‍ ദുബായ് ഹോട്ടല്‍ ഉടമ ഷാജി തയ്യില്‍ പൊലീസില്‍ പരാതി നല്‍കി.