പത്തനംതിട്ട: അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു. കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54)യാണ് ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കളമശേരിയിലെ ആശുപത്രിയില്‍ മരിച്ചത്.
അയല്‍വാസിയായ കുഞ്ഞുമോന്റെ ഇടയിലേ വീട്ടില്‍ സ്‌റ്റോഴ്‌സ് എന്ന കടയുടെ മുന്നില്‍ എത്തി ഇന്നലെ ഉച്ചയ്ക്ക ഒന്നേകാലോടെയാണ് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി രജനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമാിയ പൊള്ളലേറ്റ ഇവരെ നാട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 80 ശതമാനത്തിലധികം പൊള്ളലുള്ളതിനാല്‍ അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ നിന്നുമാണ് കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ജര്‍മനിയില്‍ ജോലിയായിരുന്ന ത്യാഗരാജന്റെ രണ്ടാം ഭാര്യയാണ് രജനി. സാമ്പത്തികമായി ഇവര്‍ നല്ല നിലയിലായിരുന്നു. പരിചയക്കാരും സുഹൃത്തുക്കളും വിഷമം പറയുമ്പോള്‍ സഹായിക്കുക എന്നത് ഇവരുടെ ശീലമാണ്. നാട്ടുകാര്‍ നിരവധി പേര്‍ ഇവരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട്. ദുഃഖവും ദുരിതവും പറയുന്നവരെ സഹായിക്കുന്നതിനാല്‍ നിരവധി പേര്‍ ഇവരുടെ അടുത്തെത്തി വിഷമതകള്‍ പറഞ്ഞ് സഹായം സ്വീകരിക്കുന്ന പതിവുണ്ട്. മൂന്നു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മനോവിഷമത്തിലായലിരുന്നു രജനി.
അയല്‍വാസിയായ കുഞ്ഞുമോന്റെ സഹോദരിയുടെ മരുമകന്‍ പെരിങ്ങാല സ്വദേശി സജീവ് രജനിയില്‍ നിന്ന് മൂന്നു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണവും കടം വാങ്ങിയിരുന്നു. സജീവും ഭാര്യയും ഒരുമിച്ച് ചെന്നാണ് പണം വാങ്ങിയത്. അടുത്തിന്റെ രജനിക്ക് രക്തസമ്മര്‍ദം വര്‍ധിക്കുകയും സ്‌ട്രോക്ക് വരികയും ചെയ്തിരുന്നു. ഈ സമയം എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന്‍ ആരോമല്‍ ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് പണം കടം വാങ്ങിയാണ് ആശുപത്രി ബില്‍ അടച്ചത്. സ്വത്തു വകകള്‍ ധാരാളമായുണ്ടെങ്കിലും ഇവരുടെ കൈവശം പണം എടുക്കാനില്ല. ആശുപത്രിയില്‍ ചെലവായ തുകയ്ക്കുള്ള കടം വീട്ടുന്നതിന് വേണ്ടി രജനി സജീവിനെ സമീപിച്ച് പണവും സ്വര്‍ണവും തിരികെ ചോദിച്ചു. കുഞ്ഞുമോനെയും വിവരം അറിയിച്ചു. പല തവണ ചോദിച്ചിട്ടും പണവും സ്വര്‍ണവും തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തിലായിരുന്നു രജനി.
സജീവാകട്ടെ വല്ലനയില്‍ പല ബിസിനസുകളും ചെയ്ത് തകര്‍ന്നു പോയ ആളാണ്. എത്ര ചോദിച്ചിട്ടും ഇവര്‍ പണം തിരികെ കൊടുക്കാനോ മറുപടി നല്‍കാനോ തയാറാകാതെ വന്നപ്പോഴാണ് ഇന്നലെ രജനി മണെണ്ണയുമായി കുഞ്ഞുമോന്റെ വീടിന് മുന്നില്‍ ചെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാങ്ങിയത് തിരിച്ചു കൊടുക്കാത്തതില്‍ മനം നൊന്താണ് താനിത് ചെയ്യുന്നത് എന്ന് രജനി കത്ത് എഴുതി വച്ചിരുന്നു. വീടിന്റെ ഭിത്തിയില്‍ കൊടുക്കാനുള്ള പണത്തിന്റെ കണക്ക് പെന്‍സില്‍ കൊണ്ട് കോറിയിട്ടിരുന്നു. രജനിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ കുഞ്ഞുമോനെയും വീട്ടുകാരെയും ആറന്മുള പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിരുന്നു. സജീവ് നാട്ടിലില്ല എന്നാണ് അറിയുന്നത്.