പത്തനംതിട്ട: വേനല്‍ മഴയ്ക്കിടെ കൂറ്റന്‍ പാറ അടര്‍ന്നു വീണ് വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നുണ്ടായ അപകടത്തില്‍ അടുക്കളയില്‍ ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സീതത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആങ്ങംമൂഴി വാലുപാറ മംഗലത്ത് വിളയില്‍ പത്മകുമരി(52) ആണ് മരിച്ചത്. വെള്ളി വൈകിട്ട് ആറു മണിയോടെയായിരുന്നു ദാരുണ സംഭവം. വീടിന് മുകളിലെ കുന്നില്‍ നിന്ന് പടുകൂറ്റന്‍ പാറ താഴേക്കു ഉരുണ്ടു വരികയായിരുന്നു.
അടുക്കള ഭാഗത്ത് വീടിന് മുകളിലേക്ക് വന്നു വീഴുകയായിരുന്നു. ചായ ഉണ്ടാക്കി കൊണ്ടിരുന്ന പത്മകുമാരി തല്‍ക്ഷണം മരിച്ചു. വീട് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
താപനില ഉയരുന്നതിനാല്‍ ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നലെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത മഴ പെയ്തത്. കിഴക്കന്‍ മലയോരത്ത് സാമാന്യം നല്ല രീതിയില്‍ മഴ പെയ്തു. ജില്ലാ ആസ്ഥാനത്ത് അടക്കം മഴ ലഭിച്ചു.