
പത്തനംതിട്ട: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നെങ്കിലും അതെങ്ങനെ എടുക്കണം, എന്താണ് മാനദണ്ഡം, ഏതു ഡോക്ടര്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ കഴിയുക എന്നിങ്ങനെ നിരവധി സംശയങ്ങള്‍ ഹോട്ടലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ മറുപടി ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് വിവരാവകാശ പ്രവര്‍ത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജ്.
മനോജിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിച്ച രേഖകള്‍ അനുസരിച്ച് ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് (ലൈസന്‍സിങ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ഫുഡ് ബിസിനസ്) റെഗുലേഷന്‍സ് 2011 പ്രകാരം, രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാം. അതായത് രജിസ്റ്റര്‍ ചെയ്ത ഏത് ഡോക്ടര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കാം. കാര്‍ഡിന് ചെല്ലുന്നവരെ ഡോക്ടര്‍ പരിശോധിച്ചിട്ട് ഏതൊക്കെ ടെസ്റ്റുകള്‍ വേണമെന്ന് തീരുമാനിക്കാം. ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിനായി പ്രത്യേക ഫീസ് നിശ്ചയിച്ചിട്ടില്ല. പൊതുവായി മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ അസി. സര്‍ജന് നൂറു രൂപയും സിവില്‍ സര്‍ജന് 150 രൂപയും നിരക്കില്‍ ഫീസ് ഈടാക്കാമെന്ന് വിവരാവകാശ രേഖ പറയുന്നു.
ഹെല്‍ത്ത് കാര്‍ഡിനുള്ള പരിശോധനകള്‍ ലൈസന്‍സുള്ള സര്‍ക്കാര്‍ ലാബിലോ സ്വകാര്യ ലാബിലോ ചെയ്യാവുന്നതാണ്. കാര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമാണ്. കാര്‍ഡ് ലഭിച്ചതിന് ശേഷം ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായ അസുഖം ഹോട്ടല്‍ ജീവനക്കാര്‍ക്ക് പിടിപെട്ടാല്‍ ഉടമ അയാളെ ജോലി നിന്ന് മാറ്റി നിര്‍ത്തി പരിശോധന നടത്തുകയും ആ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
ക്ലിനിക്കല്‍ പരിശോധന
-സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് അപേക്ഷകന്‍/അപേക്ഷകയെ ഡോക്ടര്‍ നേരിട്ട് പരിശോധിക്കേണ്ടതാണ്
-ശാരീരിക പരിശോധന (ജനറല്‍ എക്‌സാമിനേഷന്‍)
-കാഴ്ച പരിശോധന
-ത്വക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന
ലാബ് പരിശോധനകള്‍
-ബ്ലഡ് റുട്ടീന്‍
-ടൈഫോയ്ഡ് നിര്‍ണയിക്കുന്നതിനുള്ള വിഡാള്‍ ടെസ്റ്റ്, ഹെപ്പറ്റൈറ്റിസ് എ നിര്‍ണയിക്കുന്നതിനുള്ള ഐജിഎം ഹെപറ്റിറ്റാസ്-എ എന്നീ പരിശോധനകള്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആവശ്യാനുസരണം ഡോക്ടര്‍ക്ക് നിര്‍ദേശിക്കാം.
-ക്ഷയരോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കഫ പരിശോധന
-പരിശോധനാ വേളയില്‍ ഡോക്ടര്‍ക്ക് ആവശ്യമെന്ന് തോന്നുന്ന മറ്റ് പരിശോധനകള്‍ നല്‍കാന്‍ നിര്‍ദേശിക്കേണ്ടതാണ്
-പരിശോധനാ ഫലങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കണം.
രോഗപ്രതിരോധ നടപടികള്‍
-ടൈഫോയ്ഡ് രോഗത്തിനെതിരേയുള്ള വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കണം.
-വിര ശല്യത്തിന് എതിരേയുള്ള മരുന്ന് നല്‍കണം.
നിലവില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് അല്ലാതെ മറ്റു കടകള്‍ നടത്തുന്നവരോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പി.എച്ച്.സികളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇങ്ങനെ ഒരു ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളതായി അറിയില്ലെന്നും മനോജ് പറയുന്നു.