പത്തനംതിട്ട: അകാരണമായി പിരിച്ചു വിട്ട പുല്ലാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ സെയില്‍സ്മാനെ രണ്ടാഴ്ചയ്ക്കകം തിരിച്ചെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ വഴി പുല്ലാട് സഹകരണ സംഘത്തിന് നല്കിയ നിര്‍ദ്ദേശം രണ്ടാഴ്ചയ്ക്കകം നടപ്പാക്കി അറിയിക്കണമെന്നാണ് ഉത്തരവ്.
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷന് അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചശേഷം അറിയിക്കാന്‍ ഫബ്രുവരി 15 ന് കമ്മീഷന് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് (ജനറല്‍) നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ വിദേശത്തായതിനാല്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മാര്‍ച്ച് 29 ന് നടന്ന സിറ്റിങില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ കമ്മിഷനെ അറിയിച്ചു.
പുല്ലാട് ഐക്കര വീട്ടില്‍ സതീഷ് ചന്ദ്രന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2019 ഓഗസ്റ്റ് 13 നാണ് പരാതിക്കാരനെ സസ്പെന്‍ഡ് ചെയ്തതെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചു. സംഘം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ ജീവനക്കാരന് ആനുകൂല്യങ്ങള്‍ നല്കാന് നിവൃത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട ശേഷവും ദിവസക്കൂലി അടിസ്ഥാനത്തില്‍ ജീവനക്കാരനെ നിയമിച്ചതായി പരാതിക്കാരന് അറിയിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പരാതിക്കാരനെ പിരിച്ചുവിട്ടതെന്ന് കമ്മിഷന് കണ്ടെത്തി.