
പത്തനംതിട്ട: പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ മണ്ണാര കുളഞ്ഞിയിലുള്ള വീടിന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു നല്‍കാത്തത് കാരണം അപകട ഭീഷണിയുണ്ടെന്ന പരാതിയില്‍ അടിയന്തരമായി സ്ഥല പരിശോധന നടത്തി യുക്തമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. മണ്ണാരകുളഞ്ഞി മഠത്തിപറമ്പില്‍ ചാക്കോ സാമുവല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
എന്നാല്‍ പരാതിക്കാരന്റെ വീട് റോഡില്‍ നിന്നും ഒന്‍പതു മീറ്റര്‍ ഉള്ളിലേക്കാണ് സ്ഥിതി ചെയ്യുന്നതെന്നും സംരക്ഷണത്തിനായി നിലവില്‍ ഒരു കല്‍ക്കെട്ടുള്ളതാണെന്നും കെ. എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മിഷനെ അറിയിച്ചു. റോഡ് വികസനത്തിന് വേണ്ടി ഭാഗികമായി നീക്കം ചെയ്ത സുരക്ഷാ ഭിത്തിക്ക് നഷ്ടപരിഹാരം പരാതിക്കാരന് നല്‍കിയിട്ടുണ്ട്. റോഡിന്റെ കട്ടിങ് ഭാഗമായതിനാല്‍ പരാതിക്കാരന്‍ പറയുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തന്റെ വീടിന് പന്ത്രണ്ട് അടി ഉയരത്തില്‍ കരിങ്കല്ല് കൊണ്ട് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നുവെന്നും ചുമതലയിലുണ്ടായിരുന്ന എന്‍ജിനീയര്‍ അത് പൊളിച്ച് തിരികെ നിര്‍മ്മിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ കരിങ്കല്ലുകള്‍ കൊണ്ടുപോയെന്നും പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.