പത്തനംതിട്ട: കെ. എസ്.ആര്‍.ടി.സി. ബസില്‍ മുതിര്‍ന്ന പൗരന് സംവരണം ചെയ്തിട്ടുള്ള സീറ്റ് ഒഴിപ്പിച്ച് നല്‍കാന്‍ വിമുഖത കാണിച്ച കണ്ടക്ടര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ക്കാണ് കമ്മിഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. അടൂര്‍ നെല്ലിമുകള്‍ മുണ്ടപ്പള്ളി ഈസ്റ്റ് ഗോവിന്ദ നിവാസില്‍ എ.ജി. ബാബു നല്‍കിയ പരാതിയിലാണ് നടപടി.
മേലില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് കൂടി എം.ഡി ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു. സീറ്റ് റിസര്‍വേഷന്‍ ഉള്ളതിനാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംവരണം ഇല്ലെന്ന മട്ടില്‍ കമ്മിഷനില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരെയും ഉചിതമായ നടപടി വേണമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ അഞ്ചിന്
തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് കൊട്ടാരക്കര വഴി ആലുവയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ കിളിമാനൂരില്‍ നിന്നും അടൂര്‍ വരെ നിന്ന് യാത്ര ചെയ്യേണ്ടി വന്ന മുതിര്‍ന്ന പൗരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
തനിക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്നും മുതിര്‍ന്ന പൗരന്റെ സീറ്റ് അനുവദിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ തയാറായില്ല. എന്നാല്‍ ഇതേ ബസില്‍ അന്ധന്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍, മുതിര്‍ന്ന വനിത എന്നീ സംവരണ സീറ്റുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ബസ് പുറപ്പെട്ടപ്പോള്‍ അഞ്ചു രൂപ റിസര്‍വേഷന്‍ കൂപ്പണ്‍ മാത്രമാണ് നല്‍കിയത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉണ്ടായിരുന്നില്ല. കെ.എസ്.ആര്‍.ടി.സി ഹാജരാക്കിയ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാ ജനകമാണെന്ന് ഉത്തരവില്‍ പറഞ്ഞു. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമില്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍വീസുകളിലും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രണ്ടു സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ കണ്ടക്ടര്‍ നടപടിയെടുക്കണമെന്നും ചട്ടമുണ്ട്.
വസ്തുത ഇതായിരിക്കെ കണ്ടക്ടറെ രക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് കെ.എസ്.ആര്‍.ടി.സി കമ്മിഷനില്‍ സമര്‍പ്പിച്ചതെന്ന് ഉത്തരവില്‍ വിമര്‍ശിച്ചു. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ അവര്‍ ആവശ്യപ്പെടുമ്പോള്‍ ഒഴിഞ്ഞുകൊടുക്കാതെ മറ്റുള്ളവര്‍ യാത്ര ചെയ്താല്‍ മോട്ടോര്‍ വാഹനനിയമം 177 വകുപ്പ് പ്രകാരം 100 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും പറഞ്ഞിട്ടുണ്ട്.