അന്താരാഷ്ട്ര ചലച്ചിത്രമേള വരവേൽക്കാനൊരുങ്ങി പത്തനംതിട്ട നഗരം: ഐഎഫ്എഫ്പി ഡെലിഗേറ്റ് രജിസ്ട്രേഷൻ ഡോ.  ബിജു ഉദ്ഘാടനം ചെയ്തു

6 second read
Comments Off on അന്താരാഷ്ട്ര ചലച്ചിത്രമേള വരവേൽക്കാനൊരുങ്ങി പത്തനംതിട്ട നഗരം: ഐഎഫ്എഫ്പി ഡെലിഗേറ്റ് രജിസ്ട്രേഷൻ ഡോ.  ബിജു ഉദ്ഘാടനം ചെയ്തു
0

പത്തനംതിട്ട : പ്രഥമ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പത്തനംതിട്ടയെ ( ഐ എഫ് എഫ് പി ) വരവേൽക്കാനൊരുങ്ങി നഗരം. പത്തനംതിട്ട നഗരസഭയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 8, 9, 10 തീയതികളിലായി നഗരത്തിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി ലോക ക്ലാസിക്കുകൾ കൺമുന്നിൽ എത്തുന്നത് നാടിന് നവ്യാനുഭവം സമ്മാനിക്കും. മേളയുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ ഫെസ്റ്റിവൽ ബുക്ക് ഉടൻ പുറത്തിറക്കും.

ക്ലാസിക് ചലച്ചിത്രങ്ങൾ, പ്രതിഭകൾ

ലോകസിനിമ ഇന്ത്യൻ സിനിമ മലയാള സിനിമ എന്നീ വിഭാഗങ്ങളിലായി ഇരുപത്തിഅഞ്ചോളം ക്ലാസിക് ചലച്ചിത്രങ്ങളാണ് മേളയിൽ ഉണ്ടാവുക. നാല് തീയറ്ററുകളിലായി നാല്പതോളം പ്രദർശനങ്ങൾ നടക്കും. സംസ്ഥാന മന്ത്രിമാർ, വിഖ്യാത സംവിധായകർ, ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നിവർക്കൊപ്പം ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരും പത്തനംതിട്ടയുടെ ചലച്ചിത്ര പ്രതിഭകളും മേളയുടെ ഭാഗമാകും.

നാടിന്റെ സാംസ്കാരികോത്സവം

പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രമേളയെ നാടിന്റെ സാംസ്കാരിക ഉത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ. മേളയ്ക്ക് മുന്നോടിയായി ജില്ലയുടെ വിവിധ മേഖലകളിലും കലാലയങ്ങളിലും സെമിനാറുകൾ, നാടൻ കലകൾ, ഫ്ലാഷ് മോബ് എന്നിവ അരങ്ങേറും. നവംബർ 7 ന് നഗരത്തിൽ ജില്ലയുടെ സാംസ്കാരിക മേഖലയെ അടയാളപ്പെടുത്തുന്ന വിപുലമായ വിളംബര ജാഥ നടത്തും. മേളയിൽ സിനിമാ പ്രദർശനം കൂടാതെ മീറ്റ് ദ ഡയറക്ടർ, ഓപ്പൺ ഫോറം, സെമിനാറുകൾ, പുസ്തകമേള എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മേളയുടെ ഒരുക്കങ്ങൾക്കായി അഡ്വ. ടി സക്കീർ ഹുസൈൻ ചെയർമാനും എം എസ് സുരേഷ് കൺവീനറുമായ വിപുലമായ സംഘാടക സമിതിയും 18 ഉപസമിതികളും പ്രവർത്തിക്കുന്നുണ്ട്.

പ്രവേശനം രജിസ്ട്രേഷനിലൂടെ

ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ നിർബന്ധമാണ്. നഗരത്തിലെ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ നേരിട്ട് ഗൂഗിൾ ഫോം മുഖേനയും രജിസ്റ്റർ ചെയ്യാവുന്നതാണ്. കോളേജ് നൽകുന്ന തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന വിദ്യാർത്ഥികൾക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയും ആണ് മേളയുടെ രജിസ്ട്രേഷൻ ഫീസ്. ഇത് ഓൺലൈനായി അടക്കുന്നതിന് യുപിഐ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്ജ് എന്നിവ ഉൾപ്പെടുന്ന കിറ്റ് നൽകും. മേളയുടെ പ്രചരണത്തിനായി International film festival of Pathanamthitta എന്ന ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ptafilmfest@gmail.com എന്ന ഇമെയിൽ ഐഡിയിലും 9447945710, 9447439851 എന്ന വാട്സാപ്പ് നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

 

ഐ എഫ് എഫ് പി : ഡെലിഗേറ്റ് രജിസ്ട്രേഷൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു

ഐ എഫ് എഫ് പി ഡെലിഗേറ്റ് രജിസ്ട്രേഷൻ സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു. ചലച്ചിത്രങ്ങൾ നാടിൻ്റെ സംസ്കാരത്തിൻ്റെ പ്രതീകങ്ങളാണ്. നല്ല ചലച്ചിത്രങ്ങളുടെ പ്രദർശനത്തിലൂടെ നാടിൻ്റെ സാമൂഹിക അന്തരീക്ഷത്തിൽ ഉയർന്ന സംസ്കാരം പകരാൻ പത്തനംതിട്ടയുടെ ആദ്യ ചലച്ചിത്രമേളയ്ക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു. കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ആദ്യ രജിസ്ട്രേഷൻ നടത്തി.
സംഘാടക സമിതി ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം എസ് സുരേഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി കെ അനീഷ്, ഡെലിഗേറ്റ് സബ് കമ്മിറ്റി ചെയർമാൻ സി കെ അർജുനൻ, കൺവീനർ എ ഗോകുലേന്ദ്രൻ, മെമ്പർ സെക്രട്ടറി സുധീർ രാജ്, എന്നിവർ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…