
വെണ്ണിക്കുളം: ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന്റെ മറവില്‍ മണ്ണ്-പാറ ഖനനം അഞ്ചു വര്‍ഷമായി തുടരുന്നു. കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്ന് എടുക്കുന്ന മണ്ണും പാറയും അനധികൃതമായി പുറത്തേക്ക് കടത്തുന്നു. പട്ടാപ്പകല്‍ മണ്ണെടുത്തും പാറ പൊട്ടിച്ചും കൂട്ടിയിടും. പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണ് ഇതു അനധികൃതമായി കടത്തുന്നത്. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ മൂന്നു തവണ വണ്ടി പിടികൂടിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന് മേല്‍ സമ്മര്‍ദം ഉണ്ടാവുകയും പോലീസ് കണ്ണടയ്ക്കുകയുമാണ്.
വെണ്ണിക്കുളം ജങ്ഷനില്‍ തന്നെയാണ് മറച്ചു കെട്ടി ഖനനം നടക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പാണ് പ്രവാസി വ്യവസായികള്‍ ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം തുടങ്ങിയത്. അതിനായി മണ്ണു നീക്കുന്നതിനും പാറ പൊട്ടിക്കുന്നതിനും അനുമതി കൊടുത്തിരുന്നു. ഇതിന്റെ മറവിലാണ് ശേഷിച്ച കുന്നിടിച്ചും പാറ പൊട്ടിച്ചും കടത്തുന്നത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയാണ് അനധികൃത കടത്തിന് പിന്നിലുള്ളത്. പോലീസിലെ ഒരു ഉന്നതനും പങ്കുണ്ടെന്നാണ് വിവരം. ഇദ്ദേഹമാണ് കോയിപ്രം പോലീസിന് കൂച്ചു വിലങ്ങിട്ടിരിക്കുന്നത്.
കെട്ടിടത്തിന് പിന്നില്‍ ശരിക്കും പാറമട തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് പൊട്ടിക്കുന്ന പാറയും നീക്കുന്ന മണ്ണും കെട്ടിടത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ അനുമതിയുണ്ട്. പ്ലോട്ട് ഡവലപ്‌മെന്റ് ആന്‍ഡ് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റ് മാത്രമാണ് ഇതിനുള്ളത്.
അതായത് അവിടെ നീക്കുന്ന മണ്ണോ പൊട്ടിക്കുന്ന പാറയോ ഒരു തരി പോലും പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ല. നിര്‍മാണം തുടങ്ങിയ കാലത്ത് കെട്ടിടത്തിനായി പൊട്ടിക്കുന്നുവെന്ന് പറഞ്ഞ് പുറത്തേക്ക് പാറയും എടുക്കുന്ന മണ്ണും കടത്തിയിരുന്നു. കെട്ടിടത്തിന്റെ അടിത്തറ നിര്‍മാണത്തിന് മാത്രമാണ് പാറയും മണ്ണും ആവശ്യം. അതിന്റെ പേരില്‍ ഖനനം കൊണ്ടു പിടിച്ച് നടക്കുന്നു.
രാത്രികാലങ്ങളില്‍ ടിപ്പര്‍, ടോറസ് ലോറികളിലാണ് പാറയും മണ്ണും കടത്തിയിരുന്നത്. പോലീസ്, ജിയോളജി, റവന്യൂ, പഞ്ചായത്ത് അധികൃതര്‍ക്ക് വന്‍ തോതില്‍ പടി കൊടുത്താണ് അനധികൃത കടത്ത്. ജി. ജയദേവ് എസ്.പി ആയിരിക്കുന്ന സമയത്ത് ഒരു ദിവസം ഷാഡോ പോലീസിനെയും കൂട്ടി ഇറങ്ങി പാറയും മണ്ണും കടത്തിയ 15 ലോറികള്‍ പിടിച്ചെടുത്തിരുന്നു. അതിന് ശേഷം കുറേക്കാലത്തേക്ക് നിലച്ചു. പിന്നീട് കോയിപ്രം ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റതിന് ശേഷം രണ്ടു തവണയായി വാഹനങ്ങള്‍ പിടികൂടി. ഇതോടെ ഉന്നത പോലീസുദ്യോഗസ്ഥന്‍ ഇടപെട്ടു പോലീസിനെ നിയന്ത്രിച്ചുവെന്നാണ് അറിയുന്നത്.
അടുത്ത കാലത്ത് പൊട്ടിച്ച പാറ സമീപവാസികളുടെ വീടിന് മുകളില്‍ വീണു. പരാതി ഉയര്‍ന്നെങ്കിലും അധികാര കേന്ദ്രങ്ങള്‍ ഇടപെട്ടില്ല. വീര്യം കുറഞ്ഞ ശബ്ദം കേള്‍ക്കാത്ത സ്‌ഫോടക വസ്തുക്കളാണ് ഇത്തരം സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, ഇവിടെ ഒരു ക്വാറിയുടെ സംവിധാനങ്ങളാണ് ഉള്ളത്. നാടു കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണ് നടക്കുന്നത്. പകല്‍ പൊട്ടിച്ച് ശേഖരിച്ചിടുന്ന പാറ രാത്രിയില്‍ കടത്തും. ലോറികളില്‍ കൊണ്ടു പോകുന്ന മണ്ണ് റോഡില്‍ വീണ് ഇരുചക്രവാഹനയാത്രികര്‍ വീണു പരുക്കേല്‍ക്കുന്നുണ്ട്.
അനധികൃത പ്രവര്‍ത്തനം പുറമേ നിന്നുള്ളവര്‍ കാണാതിരിക്കാന്‍ ചുറ്റുപാടും കെട്ടി മറച്ച് ഗേറ്റിട്ടിരിക്കുകയാണ്. പരിചയക്കാരെ മാത്രമേ ഉള്ളിലേക്ക് കയറ്റി വിടുകയുള്ളൂ. ഞായറാഴ്ച പകല്‍ 25 ലോഡ് പാറയും മണ്ണും പൊട്ടിച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഇതു കടത്താനാണ് നീക്കം. പോലീസിനെ മാത്രമാണ് കടത്തുകാര്‍ക്ക് പേടിക്കാനുള്ളത്. ഇവര്‍ക്ക് കൂടി കൂച്ചുവിലങ്ങ് ആയതോടെ നിര്‍ബാധം കടത്ത് തുടരുന്നു.