കൊല്ലം ഇടക്കാട് പാലമുക്കിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് പട്ടാപ്പകല്‍ വില കുറഞ്ഞ മദ്യം കടത്തുന്നു: 50 ലിറ്റര്‍ വരെ പരസ്യമായി കൊണ്ടു പോകുന്നു: പിന്നില്‍ ബിവറേജ് ജീവനക്കാരും അനധികൃത മദ്യമാഫിയയും തമ്മിലുള്ള കോക്കസ്

0 second read
Comments Off on കൊല്ലം ഇടക്കാട് പാലമുക്കിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് പട്ടാപ്പകല്‍ വില കുറഞ്ഞ മദ്യം കടത്തുന്നു: 50 ലിറ്റര്‍ വരെ പരസ്യമായി കൊണ്ടു പോകുന്നു: പിന്നില്‍ ബിവറേജ് ജീവനക്കാരും അനധികൃത മദ്യമാഫിയയും തമ്മിലുള്ള കോക്കസ്
0

കൊല്ലം: മദ്യവുമായി ലോറി വന്ന് മടങ്ങുന്നതിന് പിന്നാലെ ഇടയ്ക്കാട് പാലമുക്കിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ചെല്ലണം. പുതിയ ലോഡിലെ വില കുറഞ്ഞ മദ്യം നേരിട്ട് അനധികൃത മദ്യവില്‍പ്പനക്കാര്‍ക്ക് നല്‍കുന്ന കാഴ്ച കാണാം. ഓട്ടോയിലും സ്‌കൂട്ടറിലും പരസ്യമായി 40 മുതല്‍ 50 ലിറ്റര്‍ മദ്യം വരെ ഇവിടെ നിന്നു കൊണ്ടു പോകുന്നു. ജീവനക്കാര്‍ വാരിക്കൊടുക്കുന്നു. കച്ചവടക്കാര്‍ കൊണ്ടു പോകുന്നു. ഇനി, വില കുറഞ്ഞ മദ്യം വാങ്ങാന്‍ ഔട്ടലെറ്റിലേക്ക് ചെന്ന് നോക്കൂ. നോ സ്‌റ്റോക്ക് ബോര്‍ഡ് കാണാം. പക്ഷേ, ഈ പ്രദേശത്ത് അനധികൃത കച്ചവടക്കാര്‍ക്കിടയില്‍ വില കുറഞ്ഞ മദ്യം സുലഭം. കുപ്പിയൊന്നിന് 100 മുതല്‍ 200 രൂപ വരെ അധികം കൊടുക്കണം.

ബിവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരും അനധികൃത മദ്യക്കച്ചവടക്കാരും തമ്മിലുളള ബന്ധം ഇവിടെ വ്യക്തമാണ്. പരാതികള്‍ നിരവധി പോയി. ഒരു അനക്കവുമില്ല. കാരണം ഔട്ട്‌ലെറ്റില്‍ മദ്യം അനധികൃതമായി കച്ചവടം ചെയ്യുന്നത് ഭരണപ്പാര്‍ട്ടിയുടെ ആളുകളാണ്. അവര്‍ പരസ്യമായി നിയമലംഘനം നടത്തുന്നു. യാതൊരു കൂസലുമില്ലാതെ അനധികൃത കച്ചവടക്കാര്‍ ലിറ്റര്‍ കണക്കിന് മദ്യം വാങ്ങിപ്പോകുന്നു. വില്‍ക്കുന്നു. നാട്ടുകാര്‍ സംഘടിച്ച് എടുത്ത ഒരു വീഡിയോ വൈറല്‍ ആയി. അതില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നത് മദ്യം കടത്തുന്നവരുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. യാതൊരു കുലുക്കവും ഇവര്‍ക്കോ അനധികൃതമായി ഇവര്‍ക്ക് മദ്യം നല്‍കിയവര്‍ക്കോ ഇല്ല. 30 ലിറ്റര്‍ മദ്യമാണ് കൊണ്ടു പോകുന്നത് എന്ന് പറയുന്നുമുണ്ട്.

പോരുവഴി പഞ്ചായത്ത് ഇടക്കാട് വടക്ക് മലനട ദുര്യോധന ക്ഷേത്രത്തിന് വടക്കു ഭാഗത്തായി കൊല്ലംപത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ ബിവറേജസ് ഔട്ട്‌ലെറ്റുള്ളത്. മുന്‍പ് ഇത് ഭരണിക്കാവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്‌റ്റേറ്റ് ഹൈവേയുടെ 100 മീറ്റര്‍ പരിസരത്ത് മദ്യവില്‍പ്പന ശാലകള്‍ പാടില്ലെന്ന നിയമം വന്നപ്പോഴാണ് ഇപ്പോഴത്തെ സ്ഥലത്തേക്ക് മദ്യവില്‍പ്പന ശാല മാറ്റിയത്. ഇതാകട്ടെ അല്‍പ്പം ഉള്ളിലേക്ക് കയറിയാണ്. അനധികൃത കച്ചവടത്തിന് പറ്റിയ ഇടം. ഉള്‍പ്രദേശമായതിനാല്‍ ഇടവഴികള്‍ ധാരാളമുണ്ട്. മദ്യം വാങ്ങി ഏതെങ്കിലും ഇടവഴിയിലുടെ കൊണ്ടു പോകാം. ശൂരനാട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയാണ് ഇവിടം. പോലീസ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ മാത്രമാണ് പിടിക്കുന്നത്. ചാക്ക് കണക്കിന് മദ്യം കടത്തുന്നവരെ ഇവര്‍ കാണുന്നില്ല.

വില കുറഞ്ഞ മദ്യബ്രാന്‍ഡുകള്‍ അടൂര്‍, കുന്നത്തൂര്‍ താലൂക്കുകളിലെ അനധികൃത കച്ചവടക്കാര്‍ക്ക് മൊത്തമായി മറിച്ചു നല്‍കുകയാണ് ചെയ്യുന്നത് എന്നാണ് പരാതി. കുപ്പി ഒന്നിന് കമ്മിഷന്‍ വാങ്ങി രണ്ടു ജീവനക്കാര്‍ ചേര്‍ന്നാണ് കച്ചവടം നടത്തുന്നതെന്ന പരാതി സംസ്ഥാന സര്‍ക്കാരിനും എക്‌സൈസിനുമൊക്കെ ചെന്നിരുന്നു. പേരിന് പോലും അന്വേഷണം ഉണ്ടായില്ല.

പുതിയ ലോഡ് വരുന്നതിന് പിന്നാലെ തിരക്കില്ലാത്ത സമയം നോക്കി ആരോപണ വിധേയരായ ജീവനക്കാര്‍ ഇടപാടുകാരെ വിളിച്ചു വരുത്തിയാണ് കച്ചവടം. നിരന്തരം പരാതികള്‍ നാട്ടുകാര്‍ അയച്ചിട്ടും ഒരു നടപടിയും ഇല്ലാത്തതില്‍ പ്രതിഷേധം ഉണ്ട്. ബിവറേജില്‍ കിട്ടാത്ത ഏതു ബ്രാന്‍ഡും അനധികൃത കച്ചവടക്കാരില്‍ നിന്ന് 100 മുതല്‍ 150 രൂപ വരെ അധികം മുടക്കിയാല്‍ കിട്ടും. ഈ ഔട്ട്‌ലെറ്റ് ടൗണിലേക്ക് മാറ്റുന്നതിന് നടപടിയായിട്ടുണ്ട്. പക്ഷേ, അങ്ങോട്ട് മാറ്റുന്നതിന് ജീവനക്കാര്‍ക്ക് വലിയ താല്‍പര്യമില്ല. നിലവിലുള്ള ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തിന് 60,000 രൂപയാണ് വാടകയെന്നാണ് അറിയുന്നത്.

ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് പ്രദേശം. അനധികൃത കച്ചവടം ഇവിടെ ചില വീടുകള്‍ കേന്ദ്രീകരിച്ച് പൊടിപൊടിക്കുന്നു. സമീപത്തെ ഏഴോളം പഞ്ചായത്തുകളില്‍ സ്ത്രീകള്‍ അടക്കം മദ്യവില്‍പ്പന നടത്തുന്നു. എക്‌സൈസിനും പോലീസിനും കൃത്യമായി പടി കിട്ടുന്നത് കൊണ്ടാണ് നടപടി ഇല്ലാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …