വണ്ടന്മേട്: ഏലം കൃഷിക്കായി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ കട്ടപ്പന കറുവാകുളത്തെ സ്ഥലത്ത് കരിങ്കല്‍ ക്വാറി നടത്തിയിരുന്നത് രാഷ്ട്രീയക്കാരുടെ പിന്തുണയോടെയും മസില്‍ പവറിന്റെ ബലത്തിലും. രാപകല്‍ ഭേദമില്ലാതെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിട്ടും നടപടിയുണ്ടാകാതിരുന്നതെന്നാണ് വിവരം. പ്രളയ കാലത്ത് ഉരുള്‍പൊട്ടല്‍ നേരിട്ട പ്രദേശം കൂടിയായിരുന്നിട്ടും ഒരു തവണ പോലും കട്ടപ്പന വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്കാതിരുന്നതിന് പിന്നിലും ഉന്നത ഇടപെടലുകളാണെന്നാണ് ആരോപണം.
ടിപ്പര്‍ ലോറികള്‍ പതിവായി ചീറിപ്പായുന്നതു മൂലം റോഡ് തകര്‍ന്നതോടെ നാട്ടുകാര്‍ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ പ്രദേശത്ത ചില രാഷ്ട്രീയക്കാര്‍ പരാതിക്കാരെ കണ്ട് റോഡ് നന്നാക്കി നല്കുമെന്നും പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ആദ്യം മയത്തില്‍ സംസാരിച്ച ഇവര്‍ പിന്നീട് ഭീഷണിയുടെ സ്വരമുയര്‍ത്തിയ
തോടെ പരാതി പിന്‍വലിക്കാന്‍ നാട്ടുകാര്‍ തയ്യാറായി. എന്നാല്‍ പരാതി ലഭിച്ചിട്ടും അധികൃതര്‍ ഒരിക്കല്‍ പോലും സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
ആരെങ്കിലും പരിശോധനയ്ക്ക് എത്തിയാല്‍ വിവരങ്ങള്‍ കൈമാറാനും സൗകര്യമൊരുക്കിയായിരുന്നു ക്വാറിയുടെ പ്രവര്‍ത്തനം. ഇതിനായി ക്വാറിയിലേക്കുള്ള റോഡില്‍ രണ്ട് ഓട്ടോറിക്ഷകളിലായി നിരീക്ഷകരെയും നിയമിച്ചിരുന്നു. ക്വാറിക്ക് സമീപം തോട്ടം തൊഴിലാളികളുടെ വേഷത്തില്‍ ഇരുപതോളം ഗുണ്ടാ പടയും. ക്വാറിയിലേക്കുള്ള റോഡില്‍ അപരിചതരായ ആരെങ്കിലും പ്രവേശിച്ചാല്‍ ഉടന്‍ നിരീക്ഷകര്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് വിവരം കൈമാറും. ഇവര്‍ റോഡില്‍ തടഞ്ഞ് കാര്യങ്ങള്‍ തിരക്കും
ക്വാറിക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ എത്തിയവരാണെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തി പിന്തിരിപ്പാന്‍ ശ്രമിക്കും. വഴങ്ങുന്നില്ലെന്ന് കണ്ടാല്‍ ആക്രമിക്കും. ഇങ്ങനെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ഉന്നത സ്വാധീനമുള്ളതിനാല്‍ പരാതി നല്കിയാലും അധികൃതര്‍ കണ്ട ഭാവം നടിച്ചിരുന്നില്ല. ഏത് ഈര്‍ക്കില്‍ പാര്‍ട്ടി പിരിവിനായി ക്വാറിയില്‍ എത്തിയാലും നല്ലൊരു തുക സംഭാവന ലഭിക്കുമെന്നതിനാല്‍ രാഷ്ട്രീയ കക്ഷികള്‍ക്കും പരാതികളില്ല.