റാന്നി താലൂക്കില്‍ വീട് നിര്‍മാണത്തിന്റെ മറവില്‍ മണ്ണെടുപ്പും പാറ കടത്തും: റോഡുകള്‍ ചെളിക്കുളമായി: മാഫിയ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്ത് പൊലീസും റവന്യൂ വകുപ്പും

0 second read
Comments Off on റാന്നി താലൂക്കില്‍ വീട് നിര്‍മാണത്തിന്റെ മറവില്‍ മണ്ണെടുപ്പും പാറ കടത്തും: റോഡുകള്‍ ചെളിക്കുളമായി: മാഫിയ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്ത് പൊലീസും റവന്യൂ വകുപ്പും
0

റാന്നി: വീട് നിര്‍മാണത്തിന്റെ മറവില്‍ മണ്ണെടുത്തും പാറ പൊട്ടിച്ചും കടത്തുന്ന സംഘങ്ങള്‍ താലൂക്കില്‍ വിഹരിക്കുന്നു. വടശേരിക്കര, പെരുനാട് കേന്ദ്രീകരിച്ചാണ് ഏറെയും ഇത്തരം സംഘങ്ങള്‍ വിലസുന്നത്. റവന്യൂ, പോലീസ് വകുപ്പുകള്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുന്നു. വീട് നിര്‍മിക്കാനുള്ള പെര്‍മിറ്റിന്റെ മറവിലാണ് മണ്ണ് നീക്കുന്നത്. ഇങ്ങനെ നീക്കുമ്പോള്‍ പാറ കണ്ടാല്‍ അത് അനധികൃതമായി പൊട്ടിച്ച് കടത്തുകയാണ്. മൈനിങ് ആന്‍ഡ് ജിയോളജിയുടെ പാസാണ് ഇക്കൂട്ടരുടെ പിടിവള്ളി.

എന്നാല്‍, ജിയോളജി വകുപ്പിന് പഞ്ചായത്ത് വകുപ്പിന്റെ ശിപാര്‍ശ പ്രകാരം പാസ് വിതരണം ചെയ്യുക മാത്രമാണ് ചുമതല. പഞ്ചായത്തില്‍ നിന്നും മരാമത്ത് എന്‍ജിനീയറുടെ ശിപാര്‍ശയോടെ സെക്രട്ടറിമാര്‍ നല്‍കുന്ന അപേക്ഷകള്‍ തടഞ്ഞു വയ്ക്കാനോ സ്ഥലം പരിശോധിച്ചാല്‍ തന്നെ പാസ് നല്‍കാതിരിക്കാനോ കഴിയില്ല. ഈ ആനുകൂല്യം മുതലെടുത്ത് പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒത്താശയോടെയാണ് ലോഡ് കണക്കിന് മണ്ണ് കടത്തുന്നത്. വടശേരിക്കര, പെരുനാട് പഞ്ചായത്തുകളില്‍ മണ്ണ് നീക്കുന്ന സ്ഥലങ്ങളില്‍ പാറയും കാണപ്പെടുന്നു. ഇത് പൊട്ടിക്കുന്നതിന് പ്രത്യേകം അനുമതി വേണം. ഈ പാറ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിക്കാന്‍ അനുമതി കൊടുക്കാറില്ല. പകരം, രാസവസ്തുക്കള്‍ ഒഴിച്ച പാറ പൊട്ടിത്തകരുമ്പോള്‍ നീക്കുകയാണ് ചെയ്യുന്നത്. ഇവിടെയാകട്ടെ നാട്ടുകാരെ നിയമപരമായ എല്ലാ അനുമതിയും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സ്‌ഫോടനം തന്നെയാണ് ഇക്കൂട്ടര്‍ നടത്തുന്നത്.

നിയമപരമായി പൊട്ടിക്കുന്ന മടയില്‍ നിന്ന് ലഭിക്കുന്ന പാറയേക്കാള്‍ വില കുറച്ച് കിട്ടും എന്നതിനാല്‍ ഇങ്ങനെ നിയമവിരുദ്ധമായി പൊട്ടിക്കുന്നത് വാങ്ങാനും ആള്‍ക്കാരുണ്ട്. ഇങ്ങനെപാറ കടത്തുന്നതിന് പോലീസും റവന്യൂവകുപ്പും ഒത്താശ ചെയ്യുകയാണ്. മണ്ണെടുക്കാനുള്ള സ്ഥലം കണ്ടെത്തുന്നതും അവിടെ ആവശ്യം വേണ്ട അനുമതികള്‍ സംഘടിപ്പിക്കുന്നതും മണ്ണ്, പാറ മാഫിയകളാണ്. ഇതിനായി ഇവര്‍ക്ക് വില്ലേജ്, പഞ്ചായത്ത്, മൈനിങ് ആന്‍ഡ് ജിയോളജി എന്നിവിടങ്ങളില്‍ പ്രത്യേക ഇടനിലക്കാരുണ്ട്. 300 ചതുരശ്ര അടി മണ്ണ് മാറ്റുന്നതിന്ന് മാത്രമാണ് പഞ്ചായത്ത് സെക്രട്ടറിക്ക് അനുമതി നല്‍കാന്‍ കഴിയുന്നത്. ഇതിന്റെ മറവില്‍ പത്തിരട്ടി മണ്ണാണ് എടുത്ത് കടത്തുന്നത്.

റാന്നി, അങ്ങാടി, പഴവങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളില്‍ പല സ്ഥലങ്ങളിലും ഇത്തരം മണ്ണ് നീക്കല്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. തിരുവാഭരണ പാതയില്‍ പള്ളിക്കമുരുപ്പിനും പേങ്ങാട്ട് കടവിനും ഇടയില്‍ ഇത്തരത്തില്‍ അമിത ഭാരം കയറ്റി വരുന്ന ടോറസ് ലോറികള്‍ കാരണം റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം അനുമതി വാങ്ങി നാലരക്കോടി രൂപ മുടക്കി പുനര്‍ നിര്‍മ്മാണം നടത്തിയ റോഡിലാണ് ഈ അവസ്ഥ. ഉദ്ഘാടനം പോലും നടത്തുന്നതിന് മുന്‍പ് റോഡും തകര്‍ന്നു. പോലീസും റവന്യൂ അധികൃതരും ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലോക്കല്‍ പോലീസിനെ ഒഴിവാക്കി എസ്.പിയുടെ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും നാട്ടുകാര്‍ പറയുന്നു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടരക്കോടിയുടെ ക്രമക്കേട് നടത്തിയ സെക്രട്ടറിയെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ തിരിച്ചെടുത്തു: നിയമനം റദ്ദാക്കി ഹൈക്കോടതി

പത്തനംതിട്ട: രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞു വന…