ചിറ്റാര്‍: പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയതോടെ വോട്ടേഴ്‌സ് ലിസ്റ്റില്‍ വെട്ടും മറുവെട്ടുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. വോട്ട് വേണമെങ്കില്‍ നെട്ടോട്ടമോടേണ്ട ഗതികേടില്‍ വോട്ടര്‍മാരും.
വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് കൂട്ടത്തോടെ ആളുകളെ ഒഴിവാക്കുന്നതായിട്ടാണ് പരാതി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ അഞ്ഞൂറോളം പേര്‍ക്കാണ് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് അയച്ചത്. ഇതിലേറിയ പങ്കും പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയും മത്സരിച്ചാണ് പഞ്ചായത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന തീയതിയില്‍ പഞ്ചായത്തില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യുമെന്ന് ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുള്ളത്.
രണ്ടാം വാര്‍ഡ് മെമ്പര്‍ ആയിരുന്ന കോണ്‍ഗ്രസിലെ സജി കുളത്തുങ്കല്‍ കൂറുമാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് തുടക്കത്തില്‍ പ്രസിഡന്റ് ആയി. യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി. മൂന്നര വര്‍ഷം നീണ്ടുനിന്ന നിയമ യുദ്ധത്തിന് ശേഷമാണ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് സജിയെ അയോഗ്യന്‍ ആക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദ്ദേശിച്ചത്. ഇതോടെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. ഒരാഴ്ച മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ. ബഷീര്‍ പ്രസിഡന്റ് ആയി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും അഞ്ച് അംഗങ്ങളും ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമാണ് പഞ്ചായത്തിലുള്ളത്. രണ്ടാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ഭരണം നേടും. യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള വാര്‍ഡാണ്. ഇരുമുന്നണികള്‍ക്കും തിരഞ്ഞെടുപ്പ് വിജയം അഭിമാന പ്രശ്‌നമാണ്. അതിനാലാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും ആളുകളെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികളുമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്.
ഭരണ സ്വാധീനം ഉപയോഗിച്ച് ആളുകളെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിനെതിരെ കഴിഞ്ഞദിവസം ബിജെപി പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രവാസി വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രവാസി സംഘടനകളും ശക്തമായ രംഗത്ത് വന്നിട്ടുണ്ട്. ബന്ധുക്കളെ സന്ദര്‍ശിക്കാനായി വിസിറ്റ് വിസയില്‍ വിദേശത്തേക്ക് പോയിരിക്കുന്നവരെ പോലും വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് രാഷ്ര്ടീയപാര്‍ട്ടികളുടെ ആക്ഷേപം കാരണം പുറത്താക്കുന്ന നടപടിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യു.എ.ഇയിലെ പ്രവാസി സംഘടനയായ കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്‍.