കിനാവിന്റെ പടി കടന്നു മറഞ്ഞു പോയൊരാള്‍: ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 13 വര്‍ഷം

0 second read
Comments Off on കിനാവിന്റെ പടി കടന്നു മറഞ്ഞു പോയൊരാള്‍: ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 13 വര്‍ഷം
0

അയാള്‍ കിനാവിന്റെ പടി കടന്ന് മറഞ്ഞു പോയിട്ട് ഇന്ന് 13 വര്‍ഷം. പുലര്‍ നിലാച്ചില്ലയില്‍ പൂവിടും മഞ്ഞിന്റെ തൂവിരല്‍ കൊണ്ട് എഴുതി നിറച്ച കാവ്യശകലങ്ങള്‍ക്ക് അയാള്‍ക്ക് പകരമാകില്ല. അക്ഷരങ്ങളുടെ വാങ്മയചിത്രം സമ്മാനിച്ച് മറഞ്ഞ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ഓര്‍മകള്‍ക്ക് 13 വര്‍ഷമാകുന്നു. മലയാള സിനിമ ഗാനരംഗത്ത് പുത്തഞ്ചേരിയുടെ സ്പര്‍ശനമറ്റ പാട്ടുകള്‍ ഇന്നും വേറിട്ടു തന്നെ നില്‍ക്കുകയാണ്.

എക്കാലവും മലയാളിക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍കഴിയുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ഒരു ഫെബ്രുവരി 10 ന് യാത്രപോലും ചോദിക്കാതെ പുത്തഞ്ചേരി പടിയിറങ്ങിപോയത്.

നാടകരംഗത്ത് സജീവമായിരിക്കെ, രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് മലയാള സിനിമയുടെ പടിവാതില്‍ കയറി ഗിരീഷ് പുത്തഞ്ചേരി എത്തുന്നത്. എംജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിയതോടെ മലയാള സിനിമാ ഗാനശാഖയിലും ഗിരീഷ് പുത്തഞ്ചേരി എന്ന പേര് സൂപ്പര്‍ഹിറ്റായി. എ.ആര്‍. റഹ്മാന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഇളയരാജ, രവീന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഈണങ്ങള്‍ക്ക് ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതി.

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഒരു രാത്രി കൂടി വിടവാങ്ങവേ, എത്രയോ ജന്മമായ് എന്നിങ്ങനെയുള്ള ഗാനങ്ങള്‍. അതേപോലെ പ്രണയവര്‍ണങ്ങളിലെ കണ്ണാടിക്കൂടും കൂട്ടി, മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല, ആറാം തമ്ബുരാനിലെ ഹരിമുരളീരവവും.. പാടി തൊടിയിലാരോ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ. മൂവന്തിത്താഴ്വരയില്‍, ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലേ മാടമ്ബിയിലെ അമ്മ മഴക്കാറ് എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത ഒട്ടേറെ ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്ക് സമ്മാനിച്ചത്.

നിന്‍കരള്‍ച്ചില്ലയിലെ സുഗന്ധിപ്പൂക്കളില്‍ എന്ന് തുടങ്ങുന്ന ഗിരീഷിന്റെ ആദ്യഗാനം ഏറെ പ്രിയപ്പെട്ടതാണ്. ഒരു പക്ഷേ, ഗിരീഷിന്റെ ഗാനങ്ങളെ സ്‌നേഹിക്കുന്നവരില്‍ പലരും ഈ പാട്ടുകള്‍ കേട്ടിട്ടില്ല. ഹൃദയത്തിന്‍ നിന്‍മൂക പ്രണയത്തില്‍ ഭാവങ്ങള്‍ പഞ്ചാഗ്നി നാളമായി എരിഞ്ഞിരുന്നു. തൊടുവിരലിന്‍ തുമ്പാല്‍ നിന്ന് തിരുനെറ്റിയിലെനെ നീ സിന്ദുരരേണുവായി അണിഞ്ഞിരുന്നു എന്ന് എഴുതാന്‍ ഇനിയൊരു പുത്തഞ്ചേരിയില്ല.

മുന്നൂറില്‍ പരം ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഒട്ടനവധി അവാര്‍ഡുകള്‍ വേറെയും. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്ക് പുറമേ ലതാ മങ്കേഷ്‌കര്‍, എ ആര്‍ റഹ്മാന്‍, ഇളയ രാജ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചു. മേലേപ്പറമ്ബില്‍ ആണ്‍ വീട് എന്ന ചിത്രത്തിന് കഥയും, കിന്നരിപ്പുഴയോരം പല്ലാവൂര്‍ ദേവനാരായണന്‍ , വടക്കും നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ സംഭാഷണവും രചിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …