കോന്നി: കല്ലാറിലൂടെ കുട്ടവഞ്ചി സവാരി നടത്തി വനഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാരികളുടെ വരവേറി. വിദേശ ടൂറിസ്റ്റുകള്‍ക്കും അടവിയോട് ഇഷ്ടംകൂടിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസത്തിലൂടെയും സഞ്ചാരികള്‍ എത്തിയത് ഗുണമായി. കുറഞ്ഞ നിരക്കില്‍ ഓളപ്പരപ്പിലൂടെ മൂന്നു മുതല്‍ ഏഴ് കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നതാണ് കുട്ടവഞ്ചി സവാരിയുടെ സവിശേഷത.
കല്ലാറിന് തീരത്തെ പച്ചപ്പ് നിറഞ്ഞ കാനനഭംഗിക്കൊപ്പം വന്യമൃഗങ്ങളെയും കണാനാകും. മഴയത്ത് കുട പിടിച്ചും വെയിലത്ത് തണലിലൂടെയും സവാരി ആനന്ദകരമാണ്. യാത്രയ്ക്കിടയില്‍ കുട്ട കറക്കിയും തുഴകൊണ്ട് വെള്ളക്കീറുകളെ മുത്തുമണികള്‍ പോലെ മുകളിലേക്ക് ചിതറിച്ചും തുഴക്കാര്‍ നടത്തുന്ന അഭ്യാസങ്ങള്‍ സഞ്ചാരികളെ ആനന്ദിപ്പിക്കും. താമസിക്കാന്‍ മുളങ്കുടിലുകളും ലഘുഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. അടവിയില്‍ എത്തുന്നവര്‍ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങുന്നത്. അടവി കുട്ടവഞ്ചി സവാരിയുടെ വരുമാനത്തില്‍ വര്‍ധന.
ഒരു വര്‍ഷത്തിനുള്ളില്‍ 4.78 ലക്ഷം രൂപയുടെ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 7,38,000രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം ഏപ്രിലില്‍ വരുമാനം 12,16,500 രൂപയായി ഉയര്‍ന്നു.
സഞ്ചാരികളുടെ എണ്ണവും ഉയര്‍ന്നു. 2022 ഏപ്രിലില്‍ 5657 പേരായിരുന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 9914 ആയി. ഒരു വര്‍ഷത്തെ സഞ്ചാരികള്‍ 78,054 ആണ്. 14 രാജ്യങ്ങളില്‍ നിന്ന് 156 വിദേശ സഞ്ചാരികള്‍ എത്തി. അടവി ടൂറിസത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് വിനോദസഞ്ചാരികള്‍ നിര്‍ദേശിക്കുന്നു.
ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ അഞ്ച് മുളങ്കുടിലുകളാണ് ഉളളത്. മൂന്നെണ്ണത്തിലാണ് താമസ സൗകര്യം. രണ്ടെണ്ണം അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിട്ടിരിക്കുന്നു. സഞ്ചാരികള്‍ കൂടുന്നതനുസരിച്ച് കൂടുതല്‍ മുളങ്കുടിലുകള്‍ ഒരുക്കണം. ഒരു കുടിലിന് 3000 രൂപയാണ് ചാര്‍ജ്. അടവി ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വിപുലീകരണത്തിനും രണ്ട് കോടിയുടെ പദ്ധതി തയാറാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.