
അടൂര്‍: ഭാരതം നിലവില്‍ ഹിന്ദു രാഷ്ര്ടമാണ്. നാളെയും അതായിരിക്കും. പിന്നെ പുതിയ പ്രഖ്യാപനം നടത്തേണ്ട ആവശ്യമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. അടൂരില്‍ ഹിന്ദുഐക്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2025 ല്‍ ആര്‍.എസ്.എസ് ഇന്ത്യയെ ഹിന്ദു രാഷ്ര്ടമായി പ്രഖ്യാപിക്കുമെന്നാണ് ജാഥയിലുടനീളം സി.പി.എം. സംസ്ഥാന സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ജാഥ തുടങ്ങിയതിന് ശേഷം എം.വി. ഗോവിന്ദന്‍ ആര്‍എസ്എസിന്റെ അഖില കേരളാ പ്രചാര്‍ പ്രമുഖിനെ പോലെയാണ് സംസാരിക്കുന്നത്. ആര്‍എസ്എസിന്റെ നയം അദ്ദേഹമാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. ആര്‍എസ്എസ്. എന്തായാലും 2025 ല്‍ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കാന്‍ പോകുന്നില്ല എന്നാണ് അതിനാല്‍ അത്തരക്കാരോട് പറയാനുള്ളത്. ഇവിടെ ഹിന്ദു രാഷ്ട്രമാണെന്നതിന് പുതിയ ഒരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമില്ലെന്നും വല്‍സന്‍ പറഞ്ഞു.
മതാധിഷ്ഠിതവും സോഷ്യലിസ്റ്റും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തതുമായ രാജ്യങ്ങള്‍ ലോകമെമ്പാടും ഉണ്ട്. അതിന് പ്രശ്‌നമില്ല. പക്ഷെ, 120 കോടി ഹിന്ദുക്കളുള്ള ഈ നാട്ടില്‍ ഹിന്ദുരാഷ്ര്ടം പ്രഖ്യാപിക്കാന്‍ പോകുന്നു. വരാന്‍ പോകുന്ന, പ്രഖ്യാപിക്കാന്‍ പോകുന്ന ഹിന്ദു രാഷ്ര്ടത്തിന്റെ പേരിലാണ് ഇവിടെ കലാപാഹ്വാനം നടത്തുന്നത്. ന്യൂനപക്ഷത്തില്‍ ഭീതിയുണ്ടാക്കാന്‍ ഗൂഢമായ ഒരു ഉദ്ദേശം ഉണ്ട്. അത് തമ്മിലടിപ്പിക്കുക എന്നതാണ്.
ഹിന്ദുക്കളാണ് മതേതരത്വത്തിന്റെ മയക്കുമരുന്നിന് അടിമയായി കിടക്കുന്നത്. ഹിന്ദു എന്നത് ഏറ്റവും മോശപ്പെട്ട വാക്കാണ് എന്ന നിലയിലാണ് ഇന്ന് ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്. ഹിന്ദു ഫാസിസ്റ്റ് എന്നൊക്കെയാണ് വിളിക്കുന്നത്. മതേതരക്കാരാണ് ഇത് വിളിക്കുന്നത്. ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്ത് ചെന്ന് ഹിന്ദു അവിടത്തെ മതത്തെ ഇല്ലാതാക്കിയിട്ടുണ്ടോ? അവിടെ പോയി മത പരിവര്‍ത്തനം നടത്തിയിട്ടുണ്ടോ? എവിടെയെങ്കിലും പോയി അവരുടെ വിശ്വാസം തകര്‍ത്തിട്ടുണ്ടോ? ഇല്ലല്ലോ. അവരുടെ വിശ്വാസം ഹനിക്കുന്ന പ്രവര്‍ത്തനം ഹിന്ദു നടത്തിയിട്ടില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം സ്വാമി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
കെ.പി.ഡി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്രന്‍, എ.കെ.വി.എം.എസ് താലൂക്ക് പ്രസിഡന്റ് ഇ.കെ വിശ്വനാഥന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍, താലൂക്ക് ട്രഷറര്‍ പി.എസ്. ഉമേഷ്, പി.ജി ഗോഖലെ, കെ.ആര്‍ കൃഷ്ണപിള്ള, പി.ജി. ശശികല, കോടിയാട്ട് രാമചന്ദ്രന്‍, രൂപേഷ് അടൂര്‍, എസ്. അവനീന്ദ്രന്‍, അഡ്വ. അനില്‍ പി നായര്‍, ശ്രീധരന്‍, കെ. ശശിധരന്‍, ടി.ആര്‍ ജയദേവ്, സി. അശോക് കുമാര്‍, ആര്‍. ശശിധരനുണ്ണിത്താന്‍, ഡോ. ഹരിലാല്‍, എം.കെ അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.