പത്തനംതിട്ട: ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടനയില്‍ അഴിച്ചു പണിയുടെ ആവശ്യമില്ലെന്നും ലോകരാജ്യങ്ങളുടെ ഭരണഘടന പരിശോധിക്കുമ്പോള്‍ ഏറ്റവും ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന എന്നും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു.
സാമൂഹ്യ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ നടന്ന കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെയും നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെയും വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ തന്നെയാണെന്നും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥ സര്‍ഗാനുഭൂതി എന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി എസ് ഗോപിനാഥും അഭിപ്രായപ്പെട്ടു.
പത്തനംതിട്ട നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബിന്റെ അധ്യക്ഷതയില്‍ അലങ്കാര്‍ അഷറഫ്, ജോര്‍ജ് വര്‍ഗീസ് തെങ്ങും തറയില്‍, കെ എം രാജ, നവാസ്തനിമ, മഞ്ജു ലാല്‍, അലക്‌സ് ജേക്കബ്, ഡോ:ഷേര്‍ളി ജോര്‍ജ്, അബ്ദുല്‍ അസീസ് പാലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. തന്റെ മകന്റെ വിവാഹം പ്രമാണിച്ച് ഒരു നിര്‍ധന ക്യാന്‍സര്‍ രോഗിക്ക് നല്‍കാനുള്ള 50000 രൂപയുടെ ചെക്ക് ചടങ്ങില്‍ വച്ച് ജസ്റ്റിസ് പി കെ ഷംസുദ്ദീനും ജസ്റ്റിസ് പി എസ് ഗോപിനാഥനും ചേര്‍ന്ന് കാന്‍സര്‍ രോഗിയുടെ കുടുംബത്തിന് കൈമാറി.