പത്തനംതിട്ട: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളുടെ നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകുമെന്ന് സൂചന. അട്ടിമറി ആരോപിച്ച് ഒരു വിഭാഗം നാളെ പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ സഭാ ആസ്ഥാനമായ കുമ്പനാട് യുദ്ധക്കളമാകുമെന്ന സൂചന നല്‍കി എതിര്‍ വിഭാഗത്തിന്റെ പത്രസമ്മേളനം. നിലവിലെ പ്രസിഡന്റ് വല്‍സന്‍ ഏബ്രഹാം അട്ടിമറിച്ചുവെന്നാരോപിച്ച് വലിയൊരു വിഭാഗം നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. ഇവര്‍ സഭാ ആസ്ഥാനത്തേക്ക് പ്രതിഷേധവും കൂടി നയിക്കുന്നതോടെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുമേറി.
സഭാ ആസ്ഥാനമായ ഹെബ്രോണ്‍ പുരത്ത് നാളെ രാവിലെ 10 ന് വോട്ടെടുപ്പ് ആരംഭിക്കും. പാസ്റ്റര്‍മാരും സഭാ പ്രതിനിധികളുമടക്കം 12000 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കും. പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം (ജനറല്‍ പ്രസിഡന്റ്), പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് (ജനറല്‍ വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ബേബി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ബ്രദര്‍ ജോണ്‍ ജോസഫ് (ട്രഷറര്‍) എന്നിവര്‍ക്ക് എതിരില്ലെന്നാണ് സഭയുടെ പത്രക്കുറിപ്പ്. ജോയിന്റ് സെക്രട്ടറി (പാസ്‌റ്റേഴ്‌സ്), ജോയിന്റ് സെക്രട്ടറി (വിശ്വാസികള്‍) എന്നീ സ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ്. 19 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമെന്ന് ഇലക്ഷന്‍ കമ്മിഷണര്‍ പാസ്റ്റര്‍ സണ്ണി കുര്യന്‍, റിട്ടേണിങ് ഓഫീസര്‍മാരായ പാസ്റ്റര്‍ വര്‍ഗീസ് മത്തായി, ബ്രദര്‍ റോയി അലക്‌സ് എന്നിവര്‍ അറിയിച്ചു.
പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാമും സംഘവും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് സമരം. മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, നിലവിലുള്ള ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എസ്. ജോസഫ്, ഈസ്‌റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ്, മുന്‍ ജനറല്‍ ട്രഷറര്‍ സജി പോള്‍, മുന്‍ സ്‌റ്റേറ്റ് ട്രഷറര്‍ ജോയി താനുവേലില്‍, മിസോറാം സ്‌റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ എസ്. മരത്തിനാല്‍, സ്‌റ്റേറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി ജി. കുഞ്ഞച്ചന്‍ വാളകം എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ജില്ലാ കോടതിയിലും ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ജി കൊടുത്തിട്ടുണ്ട്. അതേ സമയം നാളെ തെരഞ്ഞെടുപ്പ് നടത്തുന്നത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാമും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പൊലീസ് സംരക്ഷണം അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ക്രമരഹിതമായ നടപടികളില്‍ പ്രതിഷേധിച്ച് ജോയിന്റ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് ജി. കുഞ്ഞച്ചന്‍ വാളകം പറഞ്ഞു.
ആവശ്യമായ യോഗ്യതകളോടെ നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തളളിയതോടെയാണ് ഒരു വിഭാഗം വിശ്വാസികള്‍ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തുളളത്. സഭയുടെ ഭൂരിഭാഗത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് മുന്‍ ജനറല്‍ ട്രഷറര്‍ സജി പോള്‍, കുഞ്ഞച്ചന്‍ വാളകം എന്നിവര്‍ അവകാശപ്പെട്ടു. പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം (ജനറല്‍ പ്രസിഡന്റ്), പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് (ജനറല്‍ വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ബേബി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ബ്രദര്‍ ജോണ്‍ ജോസഫ് (ട്രഷറര്‍) എന്നിവര്‍ക്കെതിരേ മത്സരിച്ച നിലവിലുള്ള ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, മുന്‍ ജനറല്‍ ട്രഷറര്‍ സജി പോള്‍, മറ്റ് സംസ്ഥാന ഘടകങ്ങളുടെയും റീജിയണുകളുടെയും പ്രസിഡന്റുമാര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്. തിരിച്ചറിയല്‍ കാര്‍ഡ് വരെ മുക്കിയതിന് ശേഷം അതിന്റെ പേരില്‍ വരെ പത്രികകള്‍ തള്ളി.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ എഫ്‌സിആര്‍ നഷ്ടപ്പെടുത്തി സ്വകാര്യ ട്രസ്റ്റുകള്‍ വഴി ഫണ്ട് സ്വീകരിക്കുന്നതും രണ്ടര കോടിയിലധികം രൂപ വഴിവിട്ട് സ്വീകരിച്ചതുമെല്ലാം കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് പത്രികകള്‍ തള്ളിയതെന്ന് സജി പോളും കുഞ്ഞച്ചന്‍ വാളകവും പറഞ്ഞു. സഭയുടെ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് എട്ടു മാസത്തിലേറെയായി തര്‍ക്കം നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കുമ്പനാട്ട് സഭയുടെ പൊതുയോഗം നടന്നിരുന്നു. എന്നാല്‍, അതില്‍ പാസാക്കാത്ത നിര്‍ദേശങ്ങള്‍ ചേര്‍ത്ത് സൊസൈറ്റി ആക്ട് പ്രകാരം സഭ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആന്ധ്രാപ്രദേശിലെ ഏലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കിയെങ്കിലും രജിസ്‌ട്രേഷന്‍ നടന്നില്ല. അതിനെ എതിര്‍ത്തു കൊണ്ടുള്ള തിരുവല്ല മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഹാജരാക്കിയതായിരുന്നു കാരണം. ഏലൂര്‍ രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതിനാല്‍ സഭയുടെ ഭരണഘടന രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ ഭരണഘടനാ ഭേദഗതി നിലവില്‍ വന്നുവെന്ന് പറഞ്ഞ് തങ്ങള്‍ക്ക് അനുകൂലമല്ലാത്തവരെ വെട്ടിനിരത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സജി പോള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 11 ന് കൂടിയ ജനറല്‍ കൗണ്‍സില്‍, ഇക്കഴിഞ്ഞ ഫെബ്രുവരി 28 നും മാര്‍ച്ച് 30 നും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല. ജനുവരി 28 ന് കൂടിയ ജനറല്‍ കൗണ്‍സില്‍ മേയ് 11 ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ഇലക്ഷന്‍ കമ്മിഷണറായി കേരള സര്‍ക്കാര്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ഫിന്നി സഖറിയയെ നിയമിച്ചു. 2004 ല്‍ ഏലൂരില്‍ രജിസ്റ്റര്‍ ചെയ്ത ഭരണഘടന പ്രകാരം ഇലക്ഷന്‍ കമ്മിഷണര്‍ തെരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോള്‍ അതിനെ എതിര്‍ത്തു കൊണ്ട് പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം രംഗത്തു വന്നുവെന്ന് സജി പോള്‍ പറഞ്ഞു. ജനറല്‍ കൗണ്‍സില്‍ അംഗീകാരമില്ലാതെ ഇലക്ഷന്‍ കമ്മിഷണറെ പിരിച്ചു വിട്ടു. പകരം തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്‍ പാസ്റ്റര്‍ സണ്ണി കുര്യനെ വരണാധികാരിയാക്കി നിശ്ചയിച്ചു. തൊട്ടുപിന്നാലെ നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും സജി ആരോപിക്കുന്നു.
തീരുമാനം നിയമവിരുദ്ധമായിരുന്നുവെങ്കിലും സഭയുടെ നന്മ കണക്കാക്കി ഇതുമായി സഹകരിക്കാന്‍ ഭിന്നാഭിപ്രായമുള്ളവരും തീരുമാനിച്ചു. വിജ്ഞാപനം അനുസരിച്ച് അവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രസിഡന്റായി ആറു പേരും വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തസ്തികകളിലേക്ക് രണ്ടു പേര്‍ വീതവും ജോയിന്റ് സെക്രട്ടറിയായി പാസ്റ്റര്‍മാരുടെ വിഭാഗത്തില്‍ നിന്ന് മൂന്നു പേരും സഹോദരന്മാരുടെ വിഭാഗത്തില്‍ നിന്ന് രണ്ടു പേരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാമിനൊപ്പമുള്ള പാനല്‍ ജയിച്ചു വരുന്നതിന് വേണ്ടി എതിര്‍ത്ത് മത്സരിക്കുന്ന അഞ്ചു പേരുടെയും പത്രികകള്‍ ഏകപക്ഷീയമായി തള്ളിയെന്ന് സജി പോള്‍ ആരോപിച്ചു. ഇതേ രീതിയില്‍ മറ്റ് സ്ഥാനങ്ങളിലേക്കുള്ള പത്രികകളും തള്ളിയത്രേ.ഇതില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാമിനും സംഘത്തിനും നേരെ തിരിഞ്ഞിരിക്കുന്നതെന്നും സജി പോളും കുഞ്ഞച്ചന്‍ വാളകവും പറഞ്ഞു.
നാളെ സഭാ വിശ്വാസികളുടെ ന്യായമായ പ്രതിഷേധം ഉണ്ടാകും. ആയിരത്തിലധികം വിശ്വാസികള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സഭാ ആസ്ഥാനത്തുണ്ടാകും. സംഘര്‍ഷത്തില്‍ കലാശിക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. അതേ സമയം, ശക്തമായ പൊലീസ് കാവലിലാകും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് സംരക്ഷണം കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുന്ന വിഭാഗം ഫലപ്രഖ്യാപനം തടയണമെന്നാവശ്യപ്പെട്ട് കോടതികളെ സമീപിച്ചിട്ടുമുണ്ട്.