കൊച്ചി: ദിലീപ് ചിത്രം തങ്കമണിയുടെ പേരു മാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടി. തങ്കമണി സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ബിജു വൈശ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 1986 ഒക്ടോബര്‍ 22 നാണ് തങ്കമണി സംഭവം ഉണ്ടാകുന്നത്.
സ്വകാര്യ ബസ് പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള സമരം പിന്നീട് പൊലീസ് നടപടിയില്‍ കലാശിക്കുകയായിരുന്നു. നേരില്‍ നടന്ന സംഭവം വളച്ചൊടിച്ച് നാട്ടിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സിനിമ വരുന്നത് എന്നാരോപിച്ചാണ് ബിജു ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആര്‍.ബി ചൗധരി, സംവിധായകന്‍ രതീഷ് രഘുനന്ദന്‍,
സംസ്ഥാന പോലീസ് മേധാവി, ഇടുക്കി ജില്ലാ പോലീസ് മേധാവി, നടന്‍ ദിലീപ് എന്നിവര്‍ക്ക് നേരത്തേ കോടതി നോട്ടീസ് അയച്ചിരുന്നു.
ഡിജിപിയോട് തങ്കമണി കേസിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനാവശ്യപ്പെട്ടിരുന്നു. ഇന്ന് വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡിനോട് ചിത്രത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് വിശദീകരണം തേടുകയായിരുന്നു.
നാട്ടിലെ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി, നാടിന്റെ പേര് തന്നെ ചിത്രത്തിനിട്ടു, ടൈറ്റില്‍ ഗാനത്തില്‍ തങ്കമണിയിലെ സ്ത്രീകളുടെ മാനത്തിന് വില പറയുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി, സംഭവകഥ എന്ന പേരില്‍ പരസ്യം നല്‍കി എന്നിവയൊക്കെ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.
കൂടാതെ കോടതി നിര്‍ദ്ദേശിക്കുന്ന കമ്മിഷന്‍ ചിത്രം കണ്ട് ബോധ്യപ്പെട്ട് നാടിനും നാട്ടുകാര്‍ക്കും അപമാനമാകുന്ന തരത്തില്‍ പരാമര്‍ശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമെ റിലീസ് ചെയ്യാവു എന്നും ഹര്‍ജിക്കാരന്‍ അഡ്വ. ജോമി കെ ജോസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നു.