
ഷാർജ :വിദ്യാഭ്യാസ മേഖലയിലെ മികവിന് ഷാർജ സ്റ്റുഡൻസ് ടോപ്പ് ട്രെയിനിങ് സെൻററിന് ഏഷ്യ-പസഫിക് എഡ്യൂക്കേഷൻ കൗൺസിലിന്റെ 2023ലെ ഇൻറർനാഷണൽ സ്കൂൾ അവാർഡ് . അന്താരാഷ്ട്ര പാഠ്യപദ്ധതികൾ വിദ്യാർത്ഥികളെ മികച്ച രീതിയിൽ പരിശീലിപ്പിച്ചതിനാണ് പ്രവാസി മലയാളികളുടെ സംരംഭമായ സ്റ്റുഡൻസ് സ്റ്റോപ്പ് ട്രെയിനിങ് സെൻററിന് അവാർഡ് ലഭിച്ചത്. ദുബൈ അമിറ്റി യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായിക സനോഫർ ഫാത്തിമയിൽ നിന്ന് സി .ഇ. ഒ നോബിൾ ജോസഫ്, അക്കാഡമിക് ഡയറക്ടർ മനു കുളത്തങ്കൽ, ചെയർമാൻ സ്വപ്ന പി .ജെ, സുമൈറ ഫാത്തിമ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഏഷ്യ-പസഫിക് എഡ്യൂക്കേഷൻ കൗൺസിലിന്റെ അഞ്ചാമത് എഡിഷനാണ് ദുബായിൽ നടന്നത്. യുഎഇ-ആഫ്രിക്ക എജുക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപകൻ വില്യം സ്റ്റെൻഹൗസ്, ഒമിനി ഹോൾഡിംഗ് സി .എഫ് .ഒ പ്രിൻസ് ഫ്രാങ്ക്ലിൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. “നവീന വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം” എന്ന വിഷയത്തിൽ വിദ്യാഭ്യാസ വിദഗ്ധൻ ബെല്‍വീന്തർ സ്വാഹിനി പ്രബന്ധം അവതരിപ്പിച്ചു.40 രാജ്യങ്ങളിൽ നിന്നുള്ള 600 പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.
കിൻഡർ ഗാർഡൻ മുതൽ ഡിഗ്രിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡൻസ് ടോപ്പ് ട്രെയിനിങ് സെൻററിൽ വിവിധ പാഠ്യപദ്ധതികളിൽ പരിശീലനം നൽകുന്നുണ്ട്. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനമാണ് ഞങ്ങളുടെ അജമാൻ, ഷാർജ സ്ഥാപനത്തിൽ നൽകുന്നതെന്ന് അക്കാദമിക് ഡയറക്ടർ മനു കുളത്തങ്കൽ പറഞ്ഞു.