യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങി വച്ചതെന്ന ഒറ്റക്കാരണം: സുതാര്യ കേരളത്തിന് പൂട്ടു വീണിട്ട് ഒന്‍പതു വര്‍ഷം

0 second read
Comments Off on യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങി വച്ചതെന്ന ഒറ്റക്കാരണം: സുതാര്യ കേരളത്തിന് പൂട്ടു വീണിട്ട് ഒന്‍പതു വര്‍ഷം
0

അജോ കുറ്റിക്കന്‍

ഇടുക്കി: പൊതുജനങ്ങളുടെ പരാതികള്‍ക്ക് അതിവേഗം പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന ‘സുതാര്യകേരളം’ പരാതി പരിഹാര സംവിധാനം പൂട്ടിയിട്ട് ഒന്‍പത് വര്‍ഷം പിന്നിടുന്നു. 2016 ജൂലൈയിലാണ് സംസ്ഥാന ത്തെ മുഴുവന്‍ ജില്ലകളിലും പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകള്‍ പൂട്ടിയത്. യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിയ സംവിധാനമായതിനാല്‍ അതേ രൂപത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നായിരുന്നു ഒന്നാം എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ തീരുമാനം.

കെട്ടിലും മട്ടിലും മാറ്റം വരുത്തി ഉടന്‍ പുനരാരംഭിക്കുമെന്ന ഉറപ്പോടെയാണ് ഓഫീസുകള്‍ പൂട്ടിയത്. എന്നാല്‍ ഒന്‍പത് വര്‍ഷം പിന്നിടുമ്പോഴും ഇത് തുറക്കാന്‍ നടപടിയായില്ല. വര്‍ഷം ശരാശരി 8,000 പരാതികളാണ് സംസ്ഥാനത്തെ സുതാര്യകേരളം ഓഫീസുകളില്‍ ലഭിച്ചിരുന്നത്. മിക്കതിനും പരിഹാരവുമുണ്ടായി. സുതാര്യകേരളം പൂട്ടിയ സമയത്ത് സര്‍ക്കാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം സാധാരണക്കാരന് കൈകാര്യം ചെയ്യാന്‍ എളുപ്പവുമല്ല.

വെബ്‌സൈറ്റിലൂടെ പരാതി വിവരങ്ങള്‍ നല്‍കണം. അനുബന്ധ രേഖകള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. മാത്രമല്ല, ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ പരാതി ഓണ്‍ലൈന്‍ വഴി അറിയിക്കണമെങ്കില്‍ ഏറെപ്പേര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല. ഇതേക്കുറിച്ച് അറിയാവുന്ന ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങളില്‍ പരാതി വെബ്‌സൈറ്റില്‍ ചേര്‍ക്കുന്നതിനായി വലിയ തുകയും ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാമമാത്രമായ പരാതികളാണ് ഇതുവഴി ലഭിക്കുന്നത്.

സാധാരണക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ കാര്യക്ഷമമായ രീതിയില്‍ ഇടപെട്ടിരുന്നുവെന്നതാണ് സുതാര്യകേരളത്തിന്റെ പ്രത്യേകത. ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ടെത്തിയോ തപാലിലോ പരാതി നല്‍കാമായിരുന്നു.വിവിധ ആനുകൂല്യങ്ങള്‍ മുടങ്ങല്‍, റീസര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍, ഭൂമി കൈയേറ്റങ്ങള്‍ തുടങ്ങി പൊതുജനങ്ങളെ സംബന്ധിക്കുന്ന എല്ലാ പരാതികള്‍ക്കും പരിഹാരംകാണാന്‍ സംവിധാനത്തിന് കഴിഞ്ഞിരുന്നു.

നിര്‍ധനരുടെ ചികിത്സാസഹായം പോലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യവുമുണ്ടായിരുന്നു. ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു സുതാര്യ കേരളത്തിന്റെ പ്രവര്‍ത്തനം.

Load More Related Articles
Comments are closed.

Check Also

വയോധികയുടെ കഴുത്തിലെ മാല അറുത്തെടുത്തു: വസ്ത്രം വലിച്ചു  കീറി അപമാനിച്ചു: സ്‌കൂട്ടറില്‍ രക്ഷപ്പെടുന്നതിനിടെ പ്രതികളില്‍ ഒരാള്‍ മകന്റെ പിടിയില്‍

പത്തനംതിട്ട: വീട് ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറില്‍ അരികിലെത്തിയശേഷം വയോധികയുടെ കഴുത്തില…