നാഗ്പൂര്‍: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വന്ന ജഡേജയുടെ ബൗളിങ് മികവില്‍ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ഒാസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യക്ക് മേല്‍ക്കൈ. അഞ്ചു വിക്കറ്റ് നേടിയ ജഡേജയും മൂന്നു വിക്കറ്റ് നേടിയ അശ്വിനുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. 49 റണ്‍സ് നേടിയ ലാബുഷെയ്ന്‍ ആണ് ടോപ്പ് സ്‌കോറര്‍. സ്റ്റീവന്‍ സ്മിത്ത് (37), പീറ്റര്‍ ഹാന്‍ഡ്‌സ് കോംബ്(31), അലക്‌സ് കാരി(36) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസി് ഒരു ഘട്ടത്തില്‍ രണ്ടിന് രണ്ട് എന്ന നിലയിലാണ്. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഉസ്മാന്‍ ക്വാജയെ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറിന്റെ കുറ്റി പറപ്പിച്ച് മുഹമ്മദ് ഷമിയും വരവറിയിച്ചു. പിന്നീടാണ് ഇന്നിങ്‌സിലെ ഏറ്റവും മനോഹരമായ കൂട്ടുകെട്ട് പിറന്നത്. ലാബുഷെയ്ന്‍-സ്മിത്ത് സഖ്യം നാലാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത സ്‌കോറില്‍ 49 ല്‍ നില്‍ക്കേ ലാബുഷെയ്‌നെ പുറത്താക്കി ജഡേജ തന്റെ തിരിച്ചു വരവിന് തുടക്കമിട്ടു. അരങ്ങേറ്റ മല്‍സരം കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് ലാബുഷെയ്‌നെ സ്റ്റമ്പ് ചെയ്തു. പിന്നീടങ്ങോട്ട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ആക്രമിച്ച് കളിച്ച വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി.
22 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. അശ്വിന്‍ 15.5 ഓവറില്‍ 42 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. 10 ഓവര്‍ എറിഞ്ഞ അക്‌സര്‍ പട്ടേലിന് വിക്കറ്റില്ല. സ്റ്റാര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തി. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ കുമിന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു.