
അടൂര്‍: ഓണം കഴിഞ്ഞിട്ടും മുല്ലപ്പൂവിന് വില കുറയുന്നില്ല. കഴിഞ്ഞയാഴ്ച വരെ ഒരു കിലോ മുല്ലപ്പൂവിന് 1000 രൂപയായിരുന്നത് ഇന്നലെ 2300 ആയി ഉയര്‍ന്നു. ചിങ്ങംഅവസാന പാദത്തില്‍ വിവാഹങ്ങള്‍ കൂടതലുണ്ട്. അതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് പൂ കച്ചവടക്കാര്‍ പറയുന്നു. വിലക്കയറ്റം മൂലം മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്കുള്ള പൂക്കള്‍ മാത്രമേ വ്യാപാരികള്‍ ഇറക്കി വയ്ക്കുന്നുള്ളൂ.
വരുന്ന പൂക്കള്‍ യഥാസമയം വിറ്റ് പോയില്ലെങ്കില്‍ അവ ചീഞ്ഞ് നശിക്കാന്‍ സാധ്യതയുണ്ട്. ഇത് വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാല്‍ മുല്ലപ്പൂവിന്റെ കുറച്ച് സ്‌റ്റോക്ക് മാത്രമേ കടകളില്‍ സൂക്ഷിക്കാറുള്ളൂ. തമിഴ്‌നാട്ടിലെ ശങ്കരന്‍കോവില്‍, പുളിയന്‍കുടി, കമ്പം, ദിണ്ഡുക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി കേരളത്തില്‍ മുല്ലപ്പൂക്കള്‍ എത്തുന്നത്.