സഹപാഠിയെ മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യില്ല: യൂത്ത് കോണ്‍ഗ്രസ് സമരത്തിനൊടുവില്‍ കോളജില്‍ നിന്ന് പുറത്താക്കി മാനേജ്‌മെന്റ്‌

0 second read
Comments Off on സഹപാഠിയെ മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യില്ല: യൂത്ത് കോണ്‍ഗ്രസ് സമരത്തിനൊടുവില്‍ കോളജില്‍ നിന്ന് പുറത്താക്കി മാനേജ്‌മെന്റ്‌
0

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട്‌സിയോണ്‍ ലോ കോളേജ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ച കേസിലെ ഒന്നാം പ്രതി ജയ്‌സണ്‍ ജോസഫിനെ കോളജില്‍ നിന്നു പുറത്താക്കി. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ് എ പെരുനാട് ബ്ലോക്ക് സെക്രട്ടറിയുമാണ് ജയ്‌സണ്‍ ജോസഫ്
നിയമ വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇന്ന് കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
ആറന്മുള എസ്എച്ച് ഒ സി.കെ. മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. പൊലീസുമായും പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെയാണ് ഇയാളെ ഗവേണിങ് ബോഡി കോളജില്‍ നിന്ന് പുറത്താക്കിയത്.

മര്‍ദനക്കേസില്‍ ജയ്‌സന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വരെ തള്ളിയിരുന്നു. ഇയാള്‍ സ്ഥിരമായി കോളജില്‍ വരുന്നുമുണ്ട്. എന്നിട്ടും ആറന്മുള എസ്എച്ച്ഓ സികെ മനോജ് ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയും ഈ വിഷയത്തില്‍ നോക്കു കുത്തിയാണ്. അറസ്റ്റിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ അനുവാദത്തിന് കാത്തു നില്‍ക്കുകയാണ് പൊലീസ് എന്നാണ് ആരോപണം.

കഴിഞ്ഞ ഡിസംബര്‍ 22 നാണ് നിയമ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വച്ച് മര്‍ദനമേറ്റത്. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കെഎസ് യു , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്ന് ആറന്മുള പൊലീസ് സ്‌റ്റേഷന്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ജയ്‌സണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവിടെ ഹര്‍ജി തള്ളി. തുടര്‍ന്ന് സുപ്രീം കോടതിയും തള്ളി. ഒരു സമയത്തും ഇയാള്‍ ഒളിവില്‍ പോയില്ല എന്നതാണ് ശ്രദ്ധേയമായ സംഗതി. സുപ്രീംകോടതി വരെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കേസില്‍ പൊലീസ് നിസംഗത തുടരുകയാണ്. കഴിഞ്ഞ ദിവസം കെ.പി.സി.സിയുടെ സമരാഗ്നിയില്‍ മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടി നേതാക്കളെ കണ്ട് തന്റെ ദുരവസ്ഥ അറിയിച്ചിരുന്നു. ഇന്ന് സമരം നടന്നപ്പോള്‍ കോളജില്‍ എത്തിയ ആറന്മുള എസ്എച്ച്ഓ പ്രതിയെ അറസ്റ്റ് ചെയ്യുന്ന കാര്യം മാത്രം മിണ്ടിയില്ല.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റു വാങ്ങി: കണ്ണന്‍ ഇനി കണ്ണീരോര്‍മ

പത്തനംതിട്ട: അകാലത്തില്‍ അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ മൃതദേഹവും വഹിച…