കാലടി: അസര്‍ബെജാനില്‍ ഓയില്‍ റിഗില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപക തട്ടിപ്പ്. നാലു കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളടക്കമുളള പ്രതികള്‍ തട്ടിപ്പ് നടത്തിയത് റിക്രൂട്ടിങ് ഏജന്‍സിയുടെ മറവില്‍. മുഖ്യപ്രതി കിഷോര്‍ ചൗധരിയെ മുംബൈയില്‍ നിന്ന് കാലടി എസ്എച്ച്ഓയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടി നാട്ടിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ള അരുണ്‍ കുര്യന്‍, സത്യജ ശങ്കര്‍, മേരി സാബു, ജോസഫ് ജോഗി എന്നിവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്നും പരാതി.
കാലടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് കിഷോര്‍ ചൗധരിയെ മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്. 588/23 നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സിബിന്‍ വര്‍ഗീസ് ആണ് പരാതിക്കാരന്‍. ചൗധരിക്ക് പുറമേ ആദംജോണ്‍, മേരി സാബു എന്നിവരാണ് പ്രതികള്‍. അസര്‍ബെജാനില്‍ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് 1.25 ലക്ഷം ഗൂഗിള്‍ പേ മുഖേനെ വാങ്ങിയെടുത്തുവെന്നാണ് പരാതി. ജോലിയോ പണമോ കിട്ടാതെ വന്നതോടെയാണ് പരാതി നല്‍കിയത്.
കാലടി പൊലീസ് 589/23 നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാമത്തെ എഫ്‌ഐആറിലും പ്രതികള്‍ ഇവര്‍ മൂന്നു പേരും തന്നെയാണ്. സോജിന്‍ പോള്‍ എന്നയാളാണ് പരാതിക്കാരന്‍. അര്‍ബെജാനില്‍ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പല തവണയായി 2.25 ലക്ഷം രുപ കബളിപ്പിച്ചെടുത്തുവെന്നാണ് പരാതി.
പാലക്കാട് കൊങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ കേരളശേരി സ്വദേശി അഖില്‍ എന്ന യുവാവ് നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മേരിസാബു, അരുണ്‍ കുര്യന്‍, സത്യജ ശങ്കര്‍ എന്നിവരാണ് പ്രതികള്‍. വിദേശ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയാണ് അഖിലില്‍ നിന്ന് കൈപ്പറ്റിയത്. ബാങ്ക് അക്കൗണ്ട് മുഖേനെയാണ് പണം നല്‍കിയത്.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്‌റ്റേഷനില്‍ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി അര്‍ജൂന്‍ നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അരുണ്‍ കുര്യന്‍, മേരി സാബു, ജോസഫ് ജോഗി എന്നിവരാണ് പ്രതികള്‍. അര്‍ജുനും സുഹൃത്തായ അശ്വിനും അര്‍ബെജാനില്‍ റിഗില്‍ റോസറ്റ് ബോട്ട് എന്ന തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മുംബൈ സാന്‍പാഡാ എന്ന സ്ഥലത്തുള്ള അസ്റ്റാ ഓറിയ എന്ന കമ്പനിയുടെ ആള്‍ക്കാരാണെന്ന് പറഞ്ഞാണ് അരുണ്‍ കുര്യന്‍, മേരി സാബു, ജോസഫ് ജോഗി എന്നിവര്‍ ചേര്‍ന്ന് ആറു ലക്ഷം രൂപ അക്കൗണ്ട് മുഖേനെ വാങ്ങിയെടുത്തത്.
കിഷോര്‍ ചൗധരിയെ കീഴടക്കിയത് സാഹസികമായി
കാലടി പൊലീസ് അതീവ സാഹസികമായിട്ടാണ് കിഷോര്‍ ചൗധരിയെ കീഴടക്കിയത്. മുംബൈയില്‍ നിന്നും കിഷോറിനെ പിടികൂടി കൊണ്ടു വന്ന കേരളാ പൊലീസ് സഞ്ചരിച്ചിരുന്ന വാഹനം ഇയാളുടെ സംഘാംഗങ്ങള്‍ തടയാന്‍ ശ്രമിച്ചു. ഒരു വിധത്തില്‍ അവിടെ നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനം മാറിയാണ് ഇയാളുമായി കേരളത്തിലേക്ക് വന്നത്. കിഷോറിനെ വിട്ടയച്ചിട്ടു പോരാന്‍ കനത്ത സമ്മര്‍ദം അവിടുത്തെ പൊലീസ് ചെലുത്തിയിരുന്നു. അതെല്ലാം മറികടന്നാണ് പ്രതിയുമായി കേരളാ പൊലീസ് കാലടിയില്‍ എത്തിയത്. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം നടന്നു വരുന്നു.
അരുണ്‍ കുര്യന്‍ ജോലി തട്ടിപ്പിലെ ഉസ്താദ്
ഈ കേസുകളിലൊക്കെ പ്രതിയായിട്ടുള്ള കണ്ണൂര്‍ നടുവില്‍ മണ്ടളം തോട്ടത്തില്‍ അരുണ്‍ കുര്യന്‍ (33) 2017 ലാണ് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടങ്ങിയത്. അറുനൂറോളം പേരെയാണ് ഇയാള്‍ പറ്റിച്ചത്. 2021 ഡിസംബറില്‍ മൂവാറ്റുപുഴ പൊലീസ് കോടികളുടെ വിദേശജോലി തട്ടിപ്പിന് ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ അരുണ്‍ കുര്യന്‍ പേര് മാറ്റി ആദം ജോണ്‍ തോട്ടത്തില്‍ ആയി. എന്നാല്‍ ഇയാള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത പേപ്പര്‍ ആള്‍മാറാട്ടം വെളിച്ചത്തു കൊണ്ടു വന്നു. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വേണ്ടി ഇയാള്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡും ഇമെയില്‍ ഐഡിയും അരുണ്‍ കുര്യന്‍ എന്ന പേരിലുള്ളതായിരുന്നു. അരുണ്‍ കുര്യന്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തി പിടിയിലായ വിവരം മാധ്യമങ്ങള്‍ വഴി നാട്ടുകാര്‍ അറിഞ്ഞതോടെ പേര് മാറ്റി തട്ടിപ്പ് തുടരുകയാണ്.
കാനഡ, റഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ മാളുകളിലും റിഗ്ഗുകളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിസിറ്റിങ് വിസയില്‍ തായ്‌ലാന്‍ഡിലും മലേഷ്യയിലും എത്തിച്ച് അഭിമുഖം നടത്തി ലക്ഷങ്ങള്‍ വാങ്ങിയ ശേഷം ഉദ്യോഗാര്‍ഥികളെ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ടിക്കറ്റ് തുകയായ 12,000 രൂപ മാത്രമാണ് ഇതിനായി ചെലവഴിച്ചത്. 600 പേരോളം ചതിക്കപ്പെട്ടു. തൊഴിലന്വേഷകരില്‍ നിന്ന് നാലു മുതല്‍ ഏഴു ലക്ഷം രൂപ വരെ വാങ്ങി. റഷ്യയില്‍ റിഗ്ഗില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്ന് ഏഴു ലക്ഷം രൂപ വരെ വാങ്ങി.
റഷ്യയില്‍ റിഗ്ഗില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്ന് ഏഴു ലക്ഷം രൂപ വീതം വാങ്ങിയായിരുന്നു ആദ്യ തട്ടിപ്പ്. രണ്ടാമത് 40 അംഗ സംഘത്തെ മലേഷ്യയില്‍ കൊണ്ടു പോയി പണം തട്ടി. പിന്നീട് കാനഡ, പോര്‍ച്ചുഗല്‍, റുമാനിയ എന്നിവിടങ്ങളില്‍ കൊണ്ടു പോകാനെന്ന് പറഞ്ഞ് മലേഷ്യയിലെത്തിച്ച് തട്ടിപ്പ് നടത്തി. കുടിയന്മല, പെരിന്തല്‍മണ്ണ, തൃശൂര്‍ ഈസ്റ്റ്, കാലടി, മൂവാറ്റുപുഴ, തൃക്കുന്നപ്പുഴ, കൊങ്ങാട് എന്നീ സ്‌റ്റേഷനുകളിലാണ് അരുണ്‍ കുര്യനെതിരേ കേസുകളുള്ളത്. മൂവാറ്റുപുഴയില്‍ നിന്ന് മാത്രം ഇരുപതോളം പേരില്‍ നിന്ന് ഒന്നേ മുക്കാല്‍ കോടിയോളം തട്ടി.
കൊങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ അരുണ്‍ കുര്യനൊപ്പം തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുള്ള സത്യജ ശങ്കറിന്റെ പേരിലും നിരവധി കേസുകള്‍ നിലവിലുണ്ട്.
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദൂര്‍, പെരുമ്പാവൂര്‍, ചാലക്കുടി, കരിങ്കുന്നം, കൊച്ചി ഇന്‍ഫോപാര്‍ക്ക്, ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പാലക്കാട് എന്നിവിടങ്ങളിലാണ് ഇവര്‍ക്കെതിരേ എഫ്‌ഐആറുള്ളത്. കൂടാതെ തളിപ്പറമ്പ്, ഹോസ്ദുര്‍ഗ് എന്നീ കോടതികളില്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് വണ്ടിച്ചെക്ക് കേസുമുണ്ട്. ഒരു കേസില്‍ കഴിഞ്ഞ മാസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു.