തിരുവല്ല: വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി അറസ്റ്റില്‍. പണം വാങ്ങിയവരോട് താന്‍ ഡല്‍ഹിയിലാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പന്തളത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.
വളഞ്ഞവട്ടം സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. കടപ്ര വളഞ്ഞവട്ടം ഊട്ടുപറമ്പില്‍ വീട്ടില്‍ സാബു വര്‍ഗീസ് (45) ആണ് പിടിയിലായത്. സൗദി അറേബ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി കടപ്ര സ്വദേശി അലക്സ് സി. സാമുവല്‍ നല്കിയ പരാതിയില്‍ പന്തളത്തു നിന്നും ആണ് പുളിക്കിഴ് എസ്.ഐ ജെ. ഷെജീമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
വിദേശ ജോലിക്കായി പണം നല്കിയവര് ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഡല്‍ഹിയിലാണ് എന്ന മറുപടിയാണ് സാബു വര്‍ഗീസ് നല്‍കിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആണ് പ്രതി പന്തളത്ത് ഉള്ളതായി പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത് . പിടിയിലായ സാബു വര്‍ഗീസ് നിരവധി പേരില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.