
ന്യൂദല്‍ഹി: കെ. മുരളീധരനെ ഒരു ഓട്ടമുക്കാലിനെ പോലെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വന്തം വന്ദ്യമാതാവിനെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിച്ച ഒരു തലതിരിഞ്ഞ ചെറുപ്പക്കാരനുവേണ്ടി വോട്ട് പിടിക്കാന്‍ കെ. മുരളീധരന് പോകേണ്ടിവരുന്നുവെന്നത് ആത്മഹത്യാപരമായ നിലപാടാണ്. തന്റെ ആത്മാഭിമാനത്തിനേറ്റ മുറിവ് പത്മജ വേണുഗോപാല്‍ ഉയര്‍ന്നു നിന്ന് ചോദ്യം ചെയ്യുമ്പോള്‍ കുനിഞ്ഞ് അടിമയെ പോലെ നില്‍ക്കുകയാണ് കെ. മുരളീധരന്‍. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് പത്മജ ചോദിക്കുന്നതുപോലെ ചോദിക്കാനുള്ള ആര്‍ജവം മുരളീധരന്‍ കാണിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
രാഷ്ടീയമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും എന്നാല്‍ കെ. മുരളീധരന്റെയും പത്മജ വേണുഗോപാലിന്റെയും പിതൃത്വം ചോദ്യം ചെയ്ത യുവരാഷ്ട്രീയക്കാരനോട് അത് പറയരുതെന്ന് മുഖത്തുനോക്കി പറയാനെങ്കിലും മുരളീധരന്‍ ആര്‍ജവം കാണിക്കണം. ബിജെപി തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്ത് ആകുമെന്നാണ് കെ. മുരളീധരന്‍ പറഞ്ഞിരുന്നത്. പാലക്കാടും ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് മുരളീധരന്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.