പന്തളം: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് നഗരസഭയിലെ മുതിര്‍ന്ന കൗണ്‍സിലര്‍ കെ.വി.പ്രഭയെ ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡു ചെയ്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീറാണ് പുറത്തുവിട്ടിട്ടുള്ളത്.
നഗരസഭയില്‍ ബി.ജെ.പി. ഭരണത്തിലേറിയ സമയം മുതല്‍ ഭരണസമിതിയില്‍ നിന്നുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ പല കാര്യങ്ങളിലും പൊരുത്തപ്പെടാത്ത നിലപാടുകളുമായി മുന്നോട്ടുപോവുകയായിരുന്നു കെ.വി.പ്രഭ. ഇടയ്ക്ക് ചെയര്‍പേഴ്‌സണുമായി നേരിട്ട് കൊമ്പുകോര്‍ത്തതും വലിയ വിവാദമായിരുന്നു. ഒടുവില്‍ വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിലാണ് ഭരണസമിതിക്കെതിരെ പ്രഭ ആഞ്ഞടിച്ചത്. നഗരസഭയിലെ വസ്തുനികുതി പരിഷ്‌കരണം അശാസ്ത്രീയമായി ഭരണ സമിതി നടപ്പാക്കിയതു കൊണ്ടാണ് പന്തളത്തെ കെട്ടിട ഉടമകള്‍ക്ക് ഭാരിച്ച നികുതി നഗരസഭയില്‍ അടയ്‌ക്കേണ്ടി വന്നതെന്ന് കൗണ്‍സിലര്‍ കെ.വി.പ്രഭ പറഞ്ഞു. നഗരസഭയില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ചേരി തിരിഞ്ഞ് യുദ്ധം ചെയ്യുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങല്‍ വഴിയൊരുക്കിയിരുന്നു.
ശബരിമല യുവതി പ്രവേശന സമരത്തിന് ശേഷം നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ നിര്‍ത്തിയത് വനിതകളെയായിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ഭരണം പിടിച്ചു. മുതിര്‍ന്ന നേതാവ് കെ.വി. പ്രഭ ചെയര്‍മാനാകുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനം സംവരണം അല്ലാതിരുന്നിട്ടു കൂടി അത് സുശീല സന്തോഷിന് നല്‍കുകയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണായി യു. രമ്യയെയും നിയോഗിച്ചു. അന്നു മുതല്‍ പ്രഭ ബിജെപിക്കെതിരേ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്തു. ചെയര്‍പേഴ്‌സണും പ്രഭയുമായുള്ള തര്‍ക്കം പലപ്പോഴും കൈയാങ്കളി വരെയെത്തി.
ഭരണപക്ഷം സ്വീകരിക്കുന്ന ഏതു നടപടിക്കും എതിരേ പ്രഭ പ്രതിഷേധവുമായി വരാന്‍ തുടങ്ങി. പല തവണ സംസ്ഥാന നേതൃത്വം ഇടപെട്ട് രണ്ടു കൂട്ടരെയും വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് പ്രഭയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നു വട്ടം ബിജെപി കൗണ്‍സിലറായി വിജയിച്ചയാളാണ് പ്രഭ. ആ സീനിയോറിട്ടി പരിഗണിക്കാത്തതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.