
കടമ്പനാട്: കല്ലുവിളേത്ത് മുടിപ്പുര റോഡില്‍ അവഞ്ഞിയില്‍ ഏലായിലും റോഡിനോട് ചേര്‍ന്നുള്ള ചാലിലും കക്കൂസ് മാലിന്യം നിക്ഷേപിച്ച ടാങ്കര്‍ ലോറിയും പൈലറ്റ് വന്ന ജീപ്പും ഏനാത്ത് പോലീസ് പിടികൂടി. ടാങ്കര്‍ െ്രെഡവര്‍ ചാരുംമൂട് തെരുവുമുക്ക് തറയില്‍ പടീറ്റതില്‍ അജിത് സലിം (28), അറസ്റ്റിലായി. 22 ന് രാത്രി 11 നും 11.15 നുമിടയിലാണ് മാലിന്യം ഇവിടെ തള്ളിയത് എന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയ കടമ്പനാട് മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് ഇടശ്ശേരഴികത്ത് അനില്‍ കുമാറാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ഏനാത്ത് പോലീസിനെ അറിയിച്ചത്.
പൊതുപ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് അംഗവുമായ ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏലായ്ക്ക് അടുത്തെത്തിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നോക്കിയപ്പോഴാണ് റോഡിന്റെ പടിഞ്ഞാറ് ചാലിലും റോഡിലുമായി കക്കൂസ് മാലിന്യം ശ്രദ്ധയില്‍പ്പെട്ടത്. പോലീസിനെ ഉള്‍പ്പെടെ അറിയിക്കുകയും, റോഡിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ചുവന്ന നിറത്തിലുള്ള ടാങ്കറും, ഇളം പച്ച താര്‍ ജീപ്പും കടമ്പനാട് ഭാഗത്തുനിന്നും വന്ന് മാലിന്യം നിക്ഷേപിച്ച ശേഷം ഏനാത്തേക്ക് പോയതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
ബി എന്‍ എസ് നിയമത്തിലെ 272,279 എന്നീ വകുപ്പുകള്‍ക്കൊപ്പം കേരള പഞ്ചായത്ത് രാജ് ആക്ട് 1994 വകുപ്പ് 219(എസ്), 120(ഇ) കെ പി ആക്ട്, കേരള ഇറിഗെഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേറ്റീവ് നിയമത്തിലെ
73(3), 37(4) എന്നീ വകുപ്പുകള്‍ കൂടിചേര്‍ത്താണ് കേസെടുത്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ അമൃത് സിംഗ് നായകത്തിന്റെ നിര്‍ദേശപ്രകാരം എസ് ഐ ആര്‍ രാജേഷ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആളുകള്‍ക്ക് സാംക്രമിക രോഗവ്യാപനമുണ്ടാക്കാന്‍ ഇടയാക്കുമെന്നും, സമീപത്തെ ജലസ്രോത്രസ്സുകള്‍ മലിനപ്പെടുമെന്നും പൊതുജനസുരക്ഷയ്ക്ക് അപകടമുണ്ടാവുമെന്നുമുള്ള അറിവോടെയാണ് പ്രതികള്‍ ഇപ്രകാരം ചെയ്തതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. അജിത് സലീമിനെ കോടതിയില്‍ ഹാജരാക്കി, വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കി.