കോന്നി: മലയോര മേഖലയുടെ ടീസ്റ്റായാണ് അച്ചന്‍കോവിലാറിന്റെ പോഷക നദിയായ കല്ലാര്‍. അതിവേഗത്തിലൊഴുകുന്ന ടീസ്റ്റാ നദിക്ക് സമാനമായ രീതിയിലാണ് മഴക്കാലത്തു കല്ലാറ്റിലെ ജലം അച്ചന്‍കോവിലാറ്റിലേക്ക് പ്രവഹിക്കുന്നത്. മഴ കനക്കുമ്പോള്‍ കുത്തിയൊലിച്ചു അച്ചന്‍
കോവിലാറ്റിലേക്ക് എത്തിച്ചേരുന്ന കല്ലാറ്റിലെ വെള്ളത്തിന്റെ അളവും നിറവും കണ്ടാണ് കല്ലേലിയിലും കോന്നിയിലുമിരുന്ന് നമ്മള്‍ പലപ്പോഴും ഉരുള്‍പ്പൊട്ടല്‍ കഥകള്‍ മെനഞ്ഞുണ്ടാക്കാറുള്ളത്.
ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കാരണം അച്ചന്‍കോവില്‍ നീര്‍ത്തടത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കല്ലാര്‍ ഭാഗത്താണ്. ഇത്തരത്തിലുള്ള സവിശേഷതകള്‍ പമ്പയുടെ ഉപനീര്‍ത്തടമായ കക്കിക്കുമുണ്ട്. കല്ലാര്‍, കക്കി എന്നിവയുടെ ഉപനീര്‍ത്തടങ്ങള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ മിക്കപ്പോഴും കനത്ത മഴ ലഭിക്കുന്നവയാണ്. അച്ചന്‍കോവിലാറിന് ഏറ്റവും കൂടുതല്‍ ജലം ദാനം ചെയ്യുന്ന കല്ലാര്‍ നീര്‍ത്തടം ആവണിപ്പാറയുടെ വടക്ക് കിഴക്ക് ദിശയിലായാണ് വ്യാപിച്ചു കിടക്കുന്നത്.
തമിഴ്‌നാട്ടിലെ കറുപ്പാര്‍, കക്കി, പമ്പാ-കല്ലാര്‍ എന്നീ നീര്‍ത്തടങ്ങളുമായി അച്ചന്‍കോവില്‍ -കല്ലാര്‍ നീര്‍ത്തടം അതിര്‍ത്തി പങ്കിടുന്നു. ഏകദേശം 184 ച.കി.മി വിസ്തൃതിയുള്ള കല്ലാര്‍ നീര്‍ത്തടം പൂര്‍ണ്ണമായും പത്തനംതിട്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ആവണിപ്പാറയുടെ 1.415 കി.മി വടക്ക് കിഴക്കായി കല്ലാറ്റില്‍ നിന്നുമുള്ള ജലപ്രവാഹം മുക്കട മൂഴിയില്‍ വച്ച് അച്ചന്‍
കോവിലാറുമായി കൂടി ചേരുന്നു. കല്ലാറ്റിലെ വെള്ളം എത്തിച്ചേരുന്നതോടെയാണ് അച്ചന്‍കോവിലാറ്റിലെ നീരൊഴുക്കിന് ശക്തി പ്രാപിക്കുന്നത്.
ആവണിപ്പാറയ്ക്ക് കിഴക്കായുള്ള ചിറ്റാര്‍ തോടിനു വടക്കു കിഴക്ക്, വടക്ക് ദിശകളിലായി വ്യാപിച്ചു കിടക്കുന്ന ഉപ നീര്‍ത്തടങ്ങളില്‍ നിന്നും അച്ചന്‍കോവിലാറിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കല്ലാറുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. പത്തനംതിട്ട, കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉപനീര്‍ത്തടങ്ങളുടെ ആകെ വിസ്തൃതി 120 ച.കി.മീറ്റര്‍ മാത്രമാണ്. അച്ചന്‍കോവില്‍ ഗ്രാമത്തിനു വടക്ക് കിഴക്കായി കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പേപ്പാറ, തേവര്‍മല, കോട്ടമല, തൂവല്‍മല എന്നീ മലനിരകളില്‍ നിന്നും കല്ലാറിന്റെ പ്രധാന കൈവഴിയായ മംഗളയാര്‍ ഉത്ഭവിക്കുന്നത്. മംഗളയാറിന്റെ ഉപനീര്‍ത്തടം തൂവല്‍ മലയുടെ തെക്കായി അച്ചന്‍കോവിലാറിന്റെ നീര്‍ത്തടവുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന തൂവല്‍ മല (1443 മി), കോട്ടമല (1545 മി), തേവര്‍മല (1923 മി), പേപ്പാറ (1927 മി) എന്നീ മലനിരകളുടെ പടിഞ്ഞാറന്‍ ചരിവുകളില്‍ നിന്നുമാണ് കല്ലാര്‍ ഉത്ഭവിക്കുന്നത്. മംഗള, കാനയാര്‍, ചിറ്റാര്‍, അറമ്പ എന്നിവയാണ് കല്ലാറിന്റെ പ്രധാന ഉപ നീര്‍ത്തടങ്ങള്‍. വടക്ക് തേവര്‍മല (1923 മി) മുതല്‍ തെക്ക് തൂവല്‍ മല (1443 മി) വരെ വ്യാപിച്ചു കിടക്കുന്ന മംഗള ഉപനീര്‍ത്തടമാണ് കക്കി, കറുപ്പാനദി, അച്ചന്‍കോവില്‍ എന്നീ നീര്‍ത്തടങ്ങളുമായി അതിര്‍ത്തി പങ്കിടുന്നത്. മംഗളയാറിനു വടക്കു പടിഞ്ഞാറായി കാനയാര്‍, ചിറ്റാര്‍, അറമ്പ എന്നീ ഉപ നീര്‍ത്തടങ്ങളും വ്യാപിച്ചു കിടക്കുന്നു.
ഈ ഉപ നീര്‍ത്തടങ്ങളില്‍ നിന്നും ഉദ്ഭവിക്കുന്ന മംഗള, കാനയാര്‍ എന്നീ നീര്‍ച്ചാലുകള്‍ പെരിയകുളത്തുകാറിന്റെ അടിവാരത്തു വച്ച് കൂടിച്ചേരുകയും പിന്നീട് അവിടെ നിന്നും താഴേക്ക് ഒഴുകി പുലിക്കയത്തു വച്ച് ചിറ്റാറില്‍ ലയിക്കുകയും ചെയ്യുന്നു. പുലിക്കയം മുതലാണ് ഈ നീരൊഴുക്ക് കല്ലാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അറമ്പ, മുതുവന്‍, പേക്കുളി എന്നീ തോടുകളും കല്ലാറിനു ധാരാളം ജലം പ്രദാനം ചെയ്യുന്നവയാണ്. അറമ്പ മുരുപ്പ് അച്ചന്‍കോവില്‍ -കല്ലാറിന് ജലം പ്രദാനം ചെയ്യുന്ന
അറമ്പ തോടിനെയും പമ്പ -കല്ലാര്‍ നീര്‍ത്തടത്തെയും തമ്മില്‍ വേര്‍ തിരിക്കുന്നു. മംഗളയാറിനെപ്പോലെ കാനയാര്‍, ചിറ്റാര്‍, അറമ്പ എന്നീ ഉപ നീര്‍ത്തടങ്ങളും കക്കി നീര്‍ത്തടവുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.
നീര്‍ത്തടാതിര്‍ത്തിയിലുള്ള പശ്ചിമഘട്ട മലനിരകള്‍ക്ക് 1400 മുതല്‍ 1900 മി വരെ ഉയരമാണുള്ളത്. കല്ലാര്‍ അച്ചന്‍ കോവിലുമായി കൂടിച്ചേരുന്ന മുക്കുമൂഴിക്ക് സമുദ്ര നിരപ്പില്‍ നിന്നും 72 മി ഉയരമാണുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1923 മീറ്റര്‍ ഉയരത്തില്‍ നിന്നും 72 മീറ്റര്‍ താഴ്ചയിലേക്കു കീഴ്ക്കാം തൂക്കായ പ്രദേശങ്ങളില്‍ക്കൂടിയുള്ള വെള്ളത്തിന്റെ സഞ്ചാരമാണ് ഈ വേഗതയ്ക്ക് കാരണമായിട്ടുള്ളത്. ഇവിടെ എപ്പോഴും മഴ ലഭിക്കാനുള്ള പ്രധാന കാരണം കിലോമീറ്ററുകളോളം ദൂരത്തില്‍ കോട്ട പോലെ നിലനില്‍ക്കുന്ന മലനിരകളുടെ സാന്നിധ്യമാണെന്നും ഈ മലനിരകള്‍ കക്കിയുടെ വൃഷ്ടി പ്രദേശങ്ങളിലും മഴക്ക് കാരണമാകുന്നതായും ഗവേഷകനായ ഡോ.അരുണ്‍ ശശി പറഞ്ഞു.