പന്തളം: സാമൂഹിക പരിഷ്‌കര്‍ത്താവായ മന്നത്ത് പത്മനാഭന്റെ 147-ാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ സമുദായാചാര്യന്റെ പാവനസ്മരണയിലാണ് അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ തട്ടയില്‍ ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തില്‍ തറവാട്. കൊല്ലവര്‍ഷം 1104 ധനു ഒന്നിന് മന്നത്ത് പദ്മനാഭന്റെ സാന്നിധ്യത്തില്‍ തട്ടയില്‍ ഗ്രാമത്തിലെ ഇടയിരേത്ത്, കല്ലുഴത്തില്‍ എന്നീ രണ്ട് പുരാതന തറവാടുകളില്‍ യഥാക്രമം രാവിലെയും വൈകിട്ടുമായി നടന്ന നായര്‍ കരപ്രമാണിമാരുടെ യോഗത്തിലാണ് കരയോഗ പ്രസ്ഥാനവും പിടിയരി പ്രസ്ഥാനവും ഭാരതകേസരി മന്നത്ത് പദ്മനാഭന്‍ ഭദ്രദീപം തെളിച്ച് വിളംബരം ചെയ്തത്.
ഹരികഥാപ്രാസംഗികനും സമുദായപ്രവര്‍ത്തകനുമായ ടി പി വേലുക്കുട്ടി മേനോനും തൃശുരില്‍ നിന്ന് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്ന ചടങ്ങിന് ചുക്കാന്‍ പിടിക്കാന്‍ വന്നെത്തിയിരുന്നു. കരയോഗ പ്രസ്ഥാനം ആരംഭം കുറിച്ച് ഒരു മാസത്തിന് ശേഷം കൊല്ലവര്‍ഷം 1104 മകരമാസം ആറാം തീയതി ഔദ്യോഗികമായി യഥാക്രമം ഒന്നും രണ്ടും കരയോഗങ്ങളായി രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എന്‍.എസ്.എസ് എന്ന സാമുദായികസംഘടനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കരയോഗങ്ങളടങ്ങിയ പ്രസ്ഥാനത്തിനു ആരംഭം കുറിച്ചുകൊണ്ട് ഒന്നും രണ്ടും നമ്പര്‍ നായര്‍ കരയോഗങ്ങളുടെ രൂപീകരണമെന്ന് ചരിത്രനിമിഷങ്ങള്‍ക്ക് തട്ടയില്‍ എന്ന ഗ്രാമം വേദിയായതും അങ്ങനെയാണ്.
തട്ടയില്‍ കല്ലുഴത്തില്‍ തറവാടിന്റെ നാലുകെട്ട് പൂമുഖം ഒന്നര നൂറ്റാണ്ടിന്റെ പ്രൗഢപാരമ്പര്യം കാത്തുസൂക്ഷിച്ച് ഇന്നും അതേപടി നിലനില്‍ക്കുന്നു. വേറെയും നിരവധി കൗതുകസ്മരണകള്‍ പറയാനുണ്ട് കല്ലുഴത്തില്‍ തറവാടിന്. ചലച്ചിത്രതാരം മോഹന്‍ലാലിന്റെ മുത്തച്ഛന്‍ മാണപ്പാടത്ത് രാമന്‍ നായരും മുത്തശ്ശി ഗൗരിയമ്മയും ഏറെക്കാലം താമസിച്ചിട്ടുണ്ട് ഈ തറവാട് വീട്ടില്‍. പന്തളം തെക്കേക്കര (തട്ട) യിലെ പ്രവര്‍ത്ത്യാര്‍ ( വില്ലേജ് ഓഫീസര്‍ ) ആയിരുന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ മുത്തച്ഛന്‍ (അച്ഛന്റെ അച്ഛന്‍) മാണപ്പാടത്ത് രാമന്‍ നായര്‍. ഇലന്തൂര്‍ സ്വദേശിയായ അദ്ദേഹത്തിന് ഗതാഗത സൗകര്യം കുറവായ അക്കാലത്ത് അവിടെനിന്ന് ജോലിസ്ഥലമായ പന്തളം തെക്കേക്കരയിലേക്ക് നിത്യവും പോയിവരിക ബുദ്ധിമുട്ടായിരുന്നു.
സുഹൃത്തിന്റെ വീടായ കല്ലുഴത്തില്‍ തറവാട്ടില്‍ അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചായിരുന്നു പന്തളം തെക്കേക്കരയില്‍ പ്രവര്‍ത്ത്യാര്‍ ജോലി ചെയ്തിരുന്നത് . മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായര്‍ കോളേജിലേക്ക് പഠിക്കാന്‍ പോയതും ഇവിടെനിന്നാണ്. ഗുരു നിത്യചൈതന്യ യതിയും ബാല്യകാലത്ത് നിരവധി തവണ കല്ലുഴത്തില്‍ തറവാട്ടില്‍ വന്നിട്ടുണ്ട്. നിത്യചൈതന്യ യതിയുടെ മാതാവ് വാമാക്ഷിയമ്മയുടെ കുടുംബവീട് കല്ലുഴത്തില്‍ തറവാടിന് സമീപമായിരുന്നു. പിന്നീട് അവര്‍ ഭര്‍ത്താവ് കവി പന്തളം രാഘവപണിക്കര്‍ക്കൊപ്പം കുടുംബസമേതം കോന്നി വകയാര്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു.
അന്താരാഷ്ര്ട ഖ്യാതി നേടിയ അതിവേഗ ചിത്രകാരനും പ്രമുഖ പാരിസ്ഥിതിക ദാര്‍ശനികനുമായ ജിതേഷ്ജിയാണ് കല്ലുഴത്തില്‍ തറവാട്ടില്‍ ഇപ്പോഴത്തെ അവകാശിയും സ്ഥിരതാമസക്കാരനും. ഹരിതാശ്രമം പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിന്റെയും എക്കസഫി ആന്‍ഡ് ബയോ ഡൈവേഴ്‌സിറ്റി പഠന കേന്ദ്രത്തിന്റെയും ആസ്ഥാനം കൂടിയാണ് ഇപ്പോള്‍ കല്ലുഴത്തില്‍ തറവാടിന്റെ പൂമുഖം.