
അടൂര്‍: അഞ്ച് തലമുറകളിലായി ആയിരങ്ങള്‍ക്ക് തണലൊരുക്കിയ ആദ്യ കാല ശബരിമല ഇടത്താവളം കൂടിയായതട്ട മങ്കുഴിയിലെ കളത്തട്ടിന് പറയാനുള്ളത് നൂറ്റാണ്ടിന്റെ ചരിത്രം. സാമൂഹിക പ്രവര്‍ത്തകനായ മങ്കുഴി മണ്ണൂരേത്ത് ഗോവിന്ദപ്പിള്ളയ്ക്ക് അയ്യപ്പന്റെ അനുഗ്രഹത്താല്‍ പുത്രഭാഗ്യം നേടിക്കൊടുത്തതും കളത്തട്ടാണെന്നാണ് വിശ്വാസം.
1928 ഡിസംബര്‍ 13 ന് സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്‍ എന്‍.എസ്.എസിന് രൂപം കൊടുത്ത് ഒന്നാം നമ്പര്‍ തട്ടയില്‍ കരയോഗം സ്ഥാപിക്കുമ്പോള്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു. മണ്ണൂരേത്ത് ആര്‍. ഗോവിന്ദപ്പിള്ള.
അദ്ദേഹമാണ് പിന്നീട് മങ്കുഴി വരട്ടുചിറയില്‍ കളത്തട്ട് എന്ന വഴിയമ്പലം സ്ഥാപിച്ചത്. അയ്യപ്പഭക്തനായിരുന്ന ഗോവിന്ദപ്പിള്ളയ്ക്ക് ധാരളം സമ്പത്ത് ഉണ്ടായിരുന്നെങ്കിലും മക്കളില്ലാത്ത ദുഖം ഏറെ അലട്ടിയിരുന്നു. ഇന്നത്തെ വിശാലമായ തട്ട-അടൂര്‍ റോഡിന്റെ സ്ഥാനത്ത് ഒരു നടവഴി മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. ശബരിമല തീര്‍ത്ഥാടകരും മറ്റും കാല്‍നട യാത്രയ്ക്കിടെ വിശ്രമിക്കാന്‍ ഏറെ പ്രയാസപ്പെടുന്നത് മനസിലാക്കിയ ഗോവിന്ദപ്പിള്ള വരട്ട് ചിറക്ക്‌സമീപം കളത്തട്ട് നിര്‍മ്മിക്കുകയായിരുന്നു. ഏറെ പ്രയോജനപ്പെട്ടതാകട്ടെ അയ്യപ്പഭക്തര്‍ക്കും.
കളത്തട്ടിന് സമീപം കിണറും ചുമട് താങ്ങിയും യാത്രക്കാര്‍ക്ക് സംഭാരം നല്‍കാനായി വലിയ തോണിയും അദ്ദേഹം നിര്‍മ്മിച്ചു. കളത്തട്ട് നിര്‍മ്മിച്ചതിന് പിറ്റേ വര്‍ഷം വൃശ്ചിക മാസത്തില്‍ തന്നെ ഗോവിന്ദപ്പിള്ളക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. അതും ശബരിമല അയ്യപ്പന്റെ പിറന്നാളായ ഉത്രം നാളില്‍!
ഗോവിന്ദപിള്ളക്ക് അയ്യപ്പന്റെ അനുഗ്രഹത്താല്‍ പിറന്ന ജി. നാരായണപിള്ളയുടെ മൂത്ത മകന്‍ എന്‍. സുരേഷ് ബാബുവാണ് ഇന്ന് മണ്ണൂരേത്ത് കുടുംബത്തിലെ കാരണവര്‍. പതിറ്റാണ്ടുകളോളം മണ്ണൂരേത്ത് കുടുംബം കളത്തട്ടില്‍ വിശ്രമിക്കാനെത്തുന്ന അയ്യപ്പഭക്തര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും സംഭാരവും നെല്ലിക്ക ഉപ്പിലിട്ടതും നല്‍കിയിരുന്നു. ഇതിനായി ഗോശാലയും നെല്ലിത്തോട്ടവും കുടുംബം പരിപാലിച്ചിരുന്നു. ഇവ വിതരണം ചെയ്യുന്നതിനായി രണ്ട് ജോലിക്കാരെ ഇവിടെ നിയോഗിച്ചിരുന്നതായി സുരേഷ് ബാബു പറയുന്നു. പിന്നീട് റോഡ് വികസനം വന്നപ്പോള്‍ ചിറയുടെ സമീപത്തെ ആലിന്‍ ചുവട്ടിലേക്ക് കളത്തട്ട് മാറ്റി സ്ഥാപിച്ചു. തന്റെ ചെറുപ്പകാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുറമേ ഓമല്ലൂര്‍ വയല്‍ വാണിഭത്തിനെത്തിച്ചേരുന്നവര്‍ക്കും കളത്തട്ട് അഭയ കേന്ദ്രമായിരുന്നുവെന്ന് പ്രദേശവാസിയായ വിജയന്‍ പിള്ള ഓര്‍ക്കുന്നു.
പില്‍ക്കാലത്ത് കാല്‍നടയാത്ര ഇല്ലാതാവുകയും തൊട്ടടുത്ത് ഒരിപ്പുറത്ത് ഭഗവതീ ക്ഷേത്രത്തിന് സമീപം ശബരിമല ഇടത്താവളം സജീവമാവുകയും ചെയ്തതോടെ തീര്‍ത്ഥാടകരുടെയും യാത്രക്കാരുടേയും വരവ് കുറഞ്ഞു. ചുമടുതാങ്ങിയും സംഭാരം നിര്‍മ്മിക്കുന്ന തോണിയും കാലപ്പഴക്കത്താല്‍ നശിച്ചു. എന്നാല്‍ കളത്തട്ടിനെ പഴയ തലമുറ സംരക്ഷിച്ച് നിലനിര്‍ത്തി. സായാഹ്നങ്ങളില്‍ അരയാല്‍ മരത്തിന്റെ ശീതളഛായയില്‍ ജലസമൃദ്ധമായ വരട്ടുചിറയില്‍ നിന്നുള്ള തണുത്ത കാറ്റു കൊള്ളാനും സൗഹൃദം പങ്കിടാനും ഇവിടെ പ്രദേശവാസികള്‍ ഒത്തു കുടും. അഞ്ച് തലമുറകളുടെ ജീവിതത്തിനും മധ്യതിരുവിതാംകൂറിലെ നവോത്ഥാന ചരിത്രത്തിനും സാക്ഷിയായ കളത്തട്ട് ജോലി സംബന്ധമായും മറ്റും ദൂര ദേശങ്ങളിലേക്ക് പോയാലും
തട്ട നിവാസികള്‍ക്കെന്നും ഗൃഹാതുരത്വമുണര്‍ത്തുന്നൊരോര്‍മ്മയാണ്.