തെങ്കാശിയിലെ 105 കിലോ കഞ്ചാവ് വേട്ട: പ്രതിയെ അടൂരിലെത്തി പൊക്കി തമിഴ്‌നാട് പൊലീസ്

0 second read
Comments Off on തെങ്കാശിയിലെ 105 കിലോ കഞ്ചാവ് വേട്ട: പ്രതിയെ അടൂരിലെത്തി പൊക്കി തമിഴ്‌നാട് പൊലീസ്
0

അടൂര്‍: തമിഴ്‌നാട്ടിലെ തെങ്കാശി ശിവഗിരി ചെക്ക് പോസ്റ്റില്‍ 105 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യസൂത്രധാരനായ അടൂര്‍ സ്വദേശിയായ കാപ്പ കേസ് പ്രതി ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ പിടിയിലായി. പറക്കോട് ലത്തീഫ് മന്‍സിലില്‍ അജ്മലി(27)നെയാണ് ഇളമണ്ണൂരിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടിയത്.

കഴിഞ്ഞ ഏഴിന് കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ശിവഗിരി ചെക്ക് പോസ്റ്റില്‍ വച്ചാണ് വാഹനത്തില്‍ കൊണ്ടുവരികയായിരുന്ന 105 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ തമിഴ്‌നാട് പുളിയങ്കുടി കര്‍പ്പഗവീഥി സ്ട്രീറ്റില്‍ മുരുഗാനന്ദം, എറണാകുളം സ്വദേശി ബഷീര്‍ എന്നിവരെ അന്നു തന്നെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഇടപാടില്‍ അജ്മലിന്റെ പങ്ക് വ്യക്തമായത്. രഹസ്യാന്വേഷണ വിഭാഗവും തമിഴ്‌നാട് പൊലീസും വിവരം അടൂര്‍ പൊലീസിന് കൈമാറി. കൂട്ടുപ്രതികള്‍ പിടിയിലായത് അറിഞ്ഞ് അജ്മല്‍ ഒളിവില്‍ പോയി.

അടൂരെത്തിയ തമിഴ്‌നാട് പൊലീസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അടൂര്‍ പൊലീസും നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പല സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസമായി പ്രതിയെ തെരഞ്ഞു വരികയായിരുന്നു. രഹസ്യമായി നടത്തിയ നീക്കത്തില്‍ ഇളമണ്ണൂരിലെ ഒളിസങ്കേതം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഓടി രക്ഷപെടാനും ശ്രമിച്ചു. ഡിവൈ.എസ്.പി ആര്‍. ജയരാജ്, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ.എസ്.പി കെ.എ.വിദ്യാധരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എസ്.ഐ എം.മനീഷ്, സി.പി.ഓമാരായ സൂരജ് ആര്‍. കുറുപ്പ്, ശ്യാം കുമാര്‍, നിസാര്‍ മൊയ്ദീന്‍, രാകേഷ് രാജ്, ഡാന്‍സാഫ് ടീമംഗങ്ങള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം വധശ്രമക്കേസില്‍ ജയിലില്‍ കഴിയവേ കാപ്പാ നിയമപ്രകാരം തടവിലാകുകയും ഈവര്‍ഷം ജനുവരിയില്‍ എട്ട് മാസത്തെ ശിക്ഷ അനുഭവിച്ച ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനാവുകയും ചെയ്തതാണ് അജ്മല്‍. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് തുച്ഛമായ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഉയര്‍ന്ന തുകയ്ക്ക് കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി.

ഇത്തരക്കാര്‍ മാസങ്ങളായി നിരീക്ഷണത്തിലാണെന്നും പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പച്ചക്കറി, പഴവര്‍ഗങ്ങളുടെ കച്ചവടത്തിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടത്തുന്നതിനായി വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സംയുക്ത നടപടികള്‍ക്കുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി ഇരുസംസ്ഥാനങ്ങളിലെയും പോലീസ് പരസ്പരം യോജിച്ചു നീങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…