ഗുണ്ടാപ്പകയില്‍ അമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ മക്കള്‍ രണ്ടു പേരും കാപ്പ കേസില്‍ അകത്ത്

0 second read
Comments Off on ഗുണ്ടാപ്പകയില്‍ അമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ മക്കള്‍ രണ്ടു പേരും കാപ്പ കേസില്‍ അകത്ത്
0

പത്തനംതിട്ട: അമ്മയും മക്കളും ക്രിമിനല്‍ കേസ് പ്രതികളായ കുടുംബം. ക്വട്ടേഷന്‍ ആക്രമണത്തിന് കിട്ടിയ തിരിച്ചടിയില്‍ മാതാവ് കൊല്ലപ്പെടുന്നു. രണ്ടു മക്കളെയും കാപ്പ ചുമത്തി പൊലീസ് ജയിലിലുമടച്ചു. ഇതില്‍ ഒരാള്‍ക്കെതിരേ തുടര്‍ച്ചയായ രണ്ടാം തവണയാണ് കാപ്പ ചുമത്തപ്പെടുന്നത്.

അടൂര്‍ ഏനാദിമംഗലം മാരൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ വീട്ടില്‍ ബാഹുലേയന്റെ മക്കളായ സൂര്യലാല്‍(23), ചന്ദ്രലാല്‍(20) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. അടൂര്‍, ഏനാത്ത് പോലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് സഹോദരങ്ങള്‍. ഇരുവരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കയച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

അടൂര്‍, ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നരഹത്യാശ്രമം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇരുവരും. സൂര്യലാലിനെതിരെ കഴിഞ്ഞ മേയില്‍ കാപ്പാ നടപടി സ്വീകരിച്ച് ജയിലില്‍ അടച്ചതിന് ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് രണ്ടാമതും കാപ്പാ നടപടികള്‍ക്ക് വിധേയനാവുന്നത്.

ഈവര്‍ഷം ഫെബ്രുവരിയില്‍ ഇവരോടുള്ള വിരോധം നിമിത്തം ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി അമ്മ സുജാതയെ ക്രൂരമായി മര്‍ദിക്കുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതര പരുക്കേറ്റ സുജാത പിന്നീട് മരണപ്പെട്ടു. ക്വട്ടേഷന് പോകുന്നത് വളര്‍ത്തു നായയുമായിട്ടാണ്. തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് വന്നാല്‍ നായയെ അഴിച്ചു വിട്ട് കടിപ്പിക്കും. അങ്ങനെ നടത്തിയ ഒരു ക്വട്ടേഷന്റെ തിരിച്ചടിയാണ് ഇവരുടെ അമ്മയുടെ ജീവനെടുത്തത്.

ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമകേസില്‍, ഒളിവിലായിരുന്ന രണ്ടു പേരും അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയപ്പോഴാണ് പിടിയിലായത്. കാപ്പാ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര സബ് ജയിലില്‍ തടവില്‍ കഴിഞ്ഞുവന്ന സഹോദരങ്ങളെ അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ജയരാജിന്റെ നിര്‍ദേശാനുസരണം, പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷ്, സി.പി.ഓമാരായ സൂരജ് ആര്‍. കുറുപ്പ്, രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജയിലിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇവരെ തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കാപ്പാ സെല്ലിലേക്ക് മാറ്റും.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …