പത്തനംതിട്ട: റാന്നി കീക്കോഴൂരില്‍ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊല്ലുകയും കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടില്‍ സത്യന്റെ മകന്‍ അതുല്‍ സത്യനെ (29) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റാന്നി ഉതിമൂട് ഡിപ്പോപ്പടിയില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് അതുല്‍ പിടിയിലായത്. ഇയാളുടെ ശരീരത്തും ഗുരുതര പരുക്കുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കീക്കോഴൂര്‍ മലര്‍വാടി ഇരട്ടപ്പനയ്ക്കല്‍ രജിത മോള്‍ (27) വെട്ടേറ്റ് മരിച്ചത്. രജിതയുടെ പിതാവ് വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അമൃത എന്നിവര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രാജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെയും പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ നടത്തിയ പ്രത്യാക്രമണത്തിലാകണം അതുലിന് പരുക്കേറ്റത് എന്നാണ് പൊലീസ് നിഗമനം. ഇയാളുടെ മുറിവുകള്‍ ഗുരുതരമാണ്. അവശനിലയില്‍ ചോര വാര്‍ന്നാണ് പ്രതിയെ പൊലീസിന് കിട്ടിയത്. ശനിയാഴ്ച രാത്രി കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ടതാണ് അതുല്‍.
കൊലപാതകം, ലഹരി മരുന്ന് കച്ചവടം, പിടിച്ചു പറി അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുല്‍. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. മറ്റൊരാളുടെ ഭാര്യയായിരുന്ന രജിത ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല. അടുത്തയിടെ രജിതയുടെ കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പത്തനാപുരത്തെ റബര്‍ തോട്ടത്തിലെത്തിച്ച് വീഡിയോ ഇപ്രകാരം ഷൂട്ട് ചെയ്തു. തുടര്‍ന്ന് മാതാവ് ഗീതയെയും ഭീഷണിപ്പെടുത്തി. ഗീത പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വാളുമായി വീട്ടിലെത്തിയ പ്രതി രജിതയെ വെട്ടി വീഴ്ത്തിയത്. തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റ രജിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു.