1991 ല്‍ ഐവി ശശിയുടെ നീലഗിരി എന്ന സിനിമയിലൂടെയാണ് എം.എം കീരവാണിയെന്ന മരഗതമണി മലയാള സിനിമയില്‍ എത്തുന്നത്. രഞ്ജിത്ത് തിരക്കഥയെഴുതിയ സിനിമയുടെ കഥ നടക്കുന്നത് ഊട്ടിയുടെ പശ്ചാത്തലത്തിലായിരുന്നു. അന്ന് ടൈറ്റില്‍ സ്‌ക്രീനില്‍ സംഗീതം മരഗതമണി എന്ന് കണ്ട മലയാളികള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ പി.കെ. ഗോപി എഴുതി മരഗതമണി ഈണമിട്ട ഗാനങ്ങള്‍ മുഴുവന്‍ ഹിറ്റായി. അതിനൊപ്പം നീലഗിരിയും. ഇന്നിപ്പോള്‍ മരഗതമണി ഓസ്‌കാര്‍ അവാര്‍ഡ് വേദിയിലുണ്ട്. കീരവാണി എന്ന പേരില്‍. 14 വര്‍ഷത്തിന് ശേഷം ഓസ്‌കാറില്‍ ഇന്ത്യയുടെ യശസുയര്‍ത്തി.
മേലേമാനത്തെ തേര് എന്ന ടൈറ്റില്‍ സോങ്ങാണ് നീലഗിരി സിനിമയുടെ മുഖ്യ ആകര്‍ഷണം. അതിനൊപ്പം കിളിപാടുമേതോ മലര്‍മേടു കാണുവാന്‍, തുമ്പീ നിന്‍മോഹം, മഞ്ഞുവീണ പൊല്‍ത്താരയില്‍, പൊന്നരളി കൊമ്പിലെ കുയിലേ പറയൂ എന്നീ പാട്ടുകളും നീലഗിരിയില്‍ ശ്രദ്ധിക്കപ്പെട്ടു. തൊട്ടുപിന്നാലെ 1992 ല്‍ വിജി തമ്പിയുടെ സൂര്യമാനസം വന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതിയ തരളിതരാവില്‍ മയങ്ങിയോ ഹിറ്റായി. പക്ഷേ, അതില്‍ മനോ പാടിയ തമിഴ്ഗാനം കൂടിയുണ്ടായിരുന്നു. സിനിമയില്‍ ജഗതി പാടി അഭിനയിച്ച കണ്ണില്‍ നിലാവിടം എന്ന് തുടങ്ങുന്ന പാട്ട്. മേഘത്തേരിറങ്ങും സഞ്ചാരീ എന്ന പാട്ടും മോശമായില്ല.
പിന്നാലെ കന്നഡത്തില്‍ ഹിറ്റായ ചിരഞ്ജീവി ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തി വന്നു. ഏയ് ഹീറോ, ഇനിയൊരു പ്രണയകഥ, സൂപ്പര്‍ ഹീറോ എസ്.പി പരശുറാം, ഹേയ് മാഡം എന്നിവയിലെ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വരിമാറ്റിയെഴുതിയ ഗാനങ്ങളും ഹിറ്റായി.
തൊട്ടുപിന്നാലെ 1996 ല്‍ ഭരതനാണ് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ മരഗതമണിയെ ക്ഷണിച്ചത്. ദേവരാഗത്തിലെ എല്ലാ പാട്ടുകളും ഹിറ്റായി. എം.ഡി രാജേന്ദ്രനായിരുന്നു രചന. യാ..യാ..യാദവാ, ശശികല ചാര്‍ത്തിയ ദീപാവലയം, ശിശിരകാല മേഘമിഥുനം, കരിവരിവണ്ടുകള്‍ കുറുനിരകള്‍, താഴമ്പൂ മുടി മുടിച്ച് എന്നിവയൊക്കെ ഇപ്പോഴും മലയാളികളുടെ ചുണ്ടിലുണ്ട്.
97 ല്‍ സ്വര്‍ണചാമരം എന്ന ചിത്ത്രിന് വേണ്ടി കെ. ജയകുമാര്‍ എഴുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പാട്ടുകള്‍ എല്ലാം ഹിറ്റായി. പക്ഷേ പടം തുടങ്ങിയില്ല. ഒരു പോക്കുവെയിലേറ്റ താഴ്‌വാരം, മേളം ഈ മന്മഥതാളം എന്നിവയായിരുന്നു ഗാനങ്ങള്‍. സ്‌നേഹസാമ്രാജ്യം (പുന്നാരംകുയില്‍) എന്ന പടത്തിന് വേണ്ടി ഷിബു ചക്രവര്‍ത്തി ഗാനങ്ങള്‍ എഴുതി. പിന്നീട് 10 വര്‍ഷത്തെ ഇടവേള. 2007 ല്‍ ചലഞ്ച് എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ കീരവാണിയുടെ ഈണങ്ങള്‍ മലയാളത്തില്‍ എത്തി. പിന്നാലെ ഛത്രപതി എന്ന സിനിമ മൊഴിമാറ്റി എത്തി.
2007 ല്‍ ഭരണിക്കാവ് ശിവകുമാറുമായി സ്‌നേഹമനസ് എന്ന ചിത്രത്തില്‍ കീരവാണി ഒന്നിച്ചു. പിന്നാലെ വിക്രമാദിത്യ, രുദ്രതാണ്ഡവം, സിംഹക്കുട്ടി, കില്ലാഡി, ധീര, ഈച്ച, പ്രണയഗീതങ്ങള്‍, ബാഹുബലി 1, 2, ആര്‍.ആര്‍.ആര്‍ എന്നിവയും മൊഴി മാറ്റിയെത്തി.
സ്‌നേഹസാമ്രാജ്യത്തിന് (പുന്നാരംകുയില്‍) ശേഷം മലയാളത്തില്‍ നിര്‍മിക്കപ്പെട്ട ഒരു ചിത്രത്തിന് കീരവാണി സംഗീതം ഒരുക്കിയിട്ടില്ലെന്ന് കാണാം. ഈ സിനിമയും പുറത്തിറങ്ങിയില്ല. പിന്നീട് വന്നവയെല്ലാം മൊഴിമാറ്റ ചിത്രങ്ങളായിരുന്നു. ദേവരാജന്‍ മാഷിന്റെ അരുമ ശിഷ്യനും ബി.എ. ചിദംബരനാഥിന്റെ മകനുമായ രാജാമണിക്ക് കീഴില്‍ എ.ആര്‍. റഹ്മാനുമൊന്നിച്ച് അസിസ്റ്റന്റ് ആയിട്ടാണ് കീരവാണി ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് എത്തിയതെന്നത് അധികമാര്‍ക്കും അറിയാത്ത ചരിത്രം.
ആകെ അഞ്ചു മലയാള ചിത്രങ്ങള്‍ക്കാണ് കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ചത്. അതില്‍ മൂന്നെണ്ണമാണ് പുറത്തിറങ്ങിയത്. മൊഴിമാറ്റിയത് അടക്കം 138 ഗാനങ്ങള്‍ മലയാളത്തിന് ഈ മഹാപ്രതിഭ സമ്മാനിച്ചു. മൊഴി മാറ്റി വന്നിട്ടും കീരവാണിയുടെ ഗാനങ്ങള്‍ മലയാളത്തില്‍ ഹിറ്റായതാണ് ഏയ് ഹീറോ, ധീര, ബാഹുബലി, ആര്‍ആര്‍ആര്‍ എന്നിവ.