കോന്നി: ആവേശ തുഴയെറിഞ്ഞ് അടവിയില്‍ കുട്ടവഞ്ചി മത്സരം. കേരളത്തില്‍ ആദ്യമായാണ് കുട്ടവഞ്ചി തുഴച്ചില്‍ മത്സരം നടന്നത്. അടവിയില്‍ കല്ലാറിന്റെ ഇരുകരകളിലുമായി തിങ്ങിക്കൂടിയ ജനങ്ങള്‍ക്ക് ആവേശമുണര്‍ത്തിയാണ് പ്രദര്‍ശന ജലയാത്രയും തുഴച്ചില്‍ മത്സരവും നടന്നത്. കോന്നി കരിയാട്ടം ടൂറിസം എക്‌സ്‌പോയുടെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുന്‍നിര്‍ത്തിയാണ് കുട്ടവഞ്ചി മത്സരം സംഘടിപ്പിച്ചത്.
25 കുട്ട വഞ്ചികളാണ് പ്രദര്‍ശന ജലയാത്രയില്‍ പങ്കെടുത്തത്. എല്ലാ മനോഹരമായി അലങ്കരിച്ചിരുന്നു. വിവിധ വര്‍ണങ്ങളിലുള്ള മുത്തുക്കുടകള്‍, പ്രച്ഛന്ന വേഷങ്ങള്‍ തുടങ്ങി ഓരോ വഞ്ചിയും വൈവിധ്യമായി അണിനിരന്ന പ്രദര്‍ശന ജലയാത്രയില്‍ മികച്ച പ്രകടനം നടത്തുന്ന വഞ്ചിക്കും സമ്മാനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു നടന്ന മത്സരത്തില്‍ 12 കുട്ട വഞ്ചികളാണ് പങ്കെടുത്തത്.
പ്രാഥമികമായി മൂന്ന് റൗണ്ടായാണ് മത്സരം നടന്നത്. ആദ്യ റൗണ്ടില്‍ മുരളീധരന്‍ നായരും സത്യവ്രതനും തുഴച്ചില്‍ കാരായ വടക്കേ മണ്ണീറയും രണ്ടാം റൗണ്ടില്‍ പി.എസ്.ബാബുവും രവി നന്ദാവനവും തുഴഞ്ഞ ശിവ തീര്‍ത്ഥവും, മൂന്നാം റൗണ്ടില്‍ പി.ആര്‍.സഞ്ചുവും ഷിജു വര്‍ഗീസും തുഴഞ്ഞ പെഗാസസും ഒന്നാമതെത്തി.
ഫൈനല്‍ മത്സരത്തില്‍ ശിവതീര്‍ത്ഥം ഒന്നാം സ്ഥാനവും വടക്കേ മണ്ണീറ രണ്ടാം സ്ഥാനവും പെഗാസസ് മൂന്നാം സ്ഥാനവും നേടി. പ്രദര്‍ശന ജലയാത്രയില്‍ ശാന്തകുമാര്‍ തുഴഞ്ഞ കുട്ട വഞ്ചി ഒന്നാം സ്ഥാനം നേടി.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ മത്സരം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം സരയു മോഹന്‍ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. ശാമുവല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്തംഗം ജയിംസ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജി. ബിനുകുമാര്‍, സംഗേഷ് ജി. നായര്‍, പ്രവീണ്‍ പ്രസാദ്, രാജേഷ് ആക്ലേത്ത്, എന്‍.എസ്.മുരളിമോഹന്‍, ബിനോജ് എസ്. നായര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.